college

തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ കോളേജുകളുടെ പ്രവർത്തന സമയം രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാക്കി ഉത്തരവിറക്കി. ഈ സമയക്രമത്തിലാവണം ഓൺലൈൻ ക്ലാസുകൾ. ഓൺലൈൻ പഠനസംവിധാനം സ്ഥാപന മേധാവികൾക്കും അദ്ധ്യാപകർക്കും തീരുമാനിക്കാം. അന്തർജില്ലാ പൊതുഗതാഗതം തുടങ്ങുന്നതുവരെ കോളേജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ നിശ്ചിത അദ്ധ്യാപകർ റൊട്ടേഷൻ വ്യവസ്ഥയിൽ കോളേജിലെത്തണം. ശേഷിക്കുന്നവർ വീടുകളിലിരുന്ന് ഓൺലൈൻ ക്ലാസെടുക്കണം. ക്ലാസുകൾ റെക്കാർഡ് ചെയ്ത് വെബ്സൈറ്റിലും ലഭ്യമാക്കാം. ക്ലാസ് സംബന്ധിച്ച വിവരങ്ങൾ ആഴ്ചയിലൊരിക്കൽ പ്രിൻസിപ്പലിനെ അറിയിക്കണം. വീടുകളിൽ ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത കോളേജിലോ ലൈബ്രറിയിലോ സൗകര്യമൊരുക്കണം. സർവകലാശാലകളുടെ അക്കാഡമിക് കലണ്ടർ പ്രകാരം ക്ലാസ് നടക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽമാ‌ർ ഉറപ്പാക്കണം. സെമസ്റ്ററുകളിലെ ശേഷിക്കുന്ന പാഠഭാഗങ്ങൾ ആദ്യം പഠിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.