s

കരുനാഗപ്പള്ളി: മാരകായുധങ്ങളുമായെത്തി വീടാക്രമിച്ച മൂന്നുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മണപ്പള്ളി ഷെമീർ മൻസിലിൽ ഷെമീറിനെയും കുടുംബാംഗങ്ങളെയും ആക്രമിച്ച വള്ളികുന്നംതെക്ക് ആക്കനാട്ട് കിഴക്കതിൽ ഷെഫീക്ക് (21), കാരായ്മ ഹാഷിന മൻസിലിൽ ഗാഷിം( 19) തഴവാ തെക്ക് അരീപ്പുറത്ത് പടീറ്റതിൽ മുഹമ്മദ് റാഷ്ദി (19) എന്നിവരെയാണ് സർക്കിൾ ഇൻസ്പെക്ടർ മഞ്ജുലാൽ, സബ് ഇൻസ്പെക്ടർ അലോഷ്യസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി 9 മണിയോടെ ഷെമീറിന്റെ വീട്ടിൽ മാരകായുധങ്ങളുമായി എത്തിയ സംഘം വീട്ടിൽ ഉണ്ടായിരുന്ന റംലത്ത്, സെൽമാൻ, ഷെമീർ, ഷുക്കൂർ എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ഇന്നലെ കായംകുളം വള്ളികുന്നം എന്നിവിടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.