തിരുവനന്തപുരം: കാലവർഷത്തിനൊപ്പമെത്തുന്ന ഇരട്ട ന്യൂനമർദ്ദത്തെ മുൻനിറുത്തി സംസ്ഥാനത്ത് ഇന്നുമുതൽ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ ജൂൺ നാലുവരെ കടലിൽ പോകരുത്. കാലവർഷം എത്തുന്നതിനൊപ്പം അറബിക്കടലിൽ രണ്ട് ന്യൂനമർദ്ദങ്ങളും രൂപം കൊള്ളുന്നത് കാലാവസ്ഥാവകുപ്പിനും ദുരന്തനിവാരണ അതോറിട്ടിക്കും ആശങ്കയായി.
ആൻഡമാനിലെത്തിയ തെക്കുപടിഞ്ഞാറൻ കാലവർഷം 31ന് അറബിക്കടലിലെത്തും. അന്നോ, തൊട്ടടുത്ത ദിവസമോ അത് കേരളം തൊടും. 31ന് രാത്രിയോടെയോ, ജൂൺ ഒന്നിനോ കാലവർഷം തുടങ്ങും. കാലവർഷത്തിനൊപ്പം മദ്ധ്യ അറബിക്കടലിന്റെ കിഴക്കുഭാഗത്തും വടക്കുപടിഞ്ഞാറൻ ഭാഗത്തും ഒാരോ ന്യൂനമർദ്ദങ്ങൾ രൂപം കൊണ്ടുതുടങ്ങുന്നത് ആശങ്കയോടെയാണ് കാണുന്നത്. ഇത്തരത്തിൽ രൂപമെടുക്കുന്ന ന്യൂനമർദ്ദങ്ങൾ ചുഴലിയായി ശക്തിപ്രാപിക്കുകയാണെങ്കിൽ കേരളത്തിൽ അത്യുഗ്രമഴയ്ക്ക് അത് കാരണമാകും. കിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിക്കാൻ നാലുദിവസമെടുക്കും. എന്നാൽ വടക്കുപടിഞ്ഞാറൻ മേഖലയിലെ ന്യൂനമർദ്ദം 48 മണിക്കൂറിനുളളിൽ ശക്തിപ്രാപിക്കും. ഇപ്പോഴത്തെ സ്ഥിതിയിൽ അത് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ അഞ്ചുദിവസത്തിനുള്ളിൽ ഒമാൻ തീരത്ത് ആഞ്ഞടിക്കും. ഇതിന്റെ പരിണിതഫലമായി കേരളത്തിൽ മഴയുണ്ടാകും. അതു കണക്കിലെടുത്താണ് ഇന്നുമുതൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
അടുത്ത അഞ്ച് ദിവസം മഴ
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ തുടരാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂൺ ആദ്യ വാരം മൺസൂൺ ആരംഭിക്കും. സാധാരണയിൽ കൂടുതൽ മഴ ഇത്തവണയും പ്രതീക്ഷിക്കാം. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ കേരള തീരത്തും തെക്ക് കിഴക്കൻ അറബിക്കടലിലും മൽസ്യബന്ധനം പൂർണമായി നിരോധിച്ചു. ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്തെത്തണം.