വാടാനപ്പിള്ളി: മകളെ സ്ഥിരമായി മർദ്ദിക്കുന്ന മരുമകനോടൊപ്പം മകളെയും കൈക്കുഞ്ഞിനെയും ഭർത്തൃവീട്ടിലേക്ക് വിടാത്തതിന് വീടുകയറി ദമ്പതികളെ മർദ്ദിച്ചതായി പരാതി. പൊക്കാഞ്ചേരി ഖദീജുമ്മ സ്കൂളിനടുത്ത് കുറ്റിക്കാട്ടിൽ ജമാലുദ്ദീൻ ( 42), ഭാര്യ ജമീല (39) എന്നിവർക്കാണ് മർദ്ദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ ജമാലുദ്ദീനെയും കൈക്ക് മുറിവേറ്റ ജമീലയെയും തൃത്തല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം.
രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. ജമാലുദ്ദീന്റെ മരുമകൻ ജാഷിദിന്റെ സഹോദരൻ കേച്ചേരി കറുപ്പം വീട്ടിൽ ജുനൈദിന്റെ നേതൃത്വത്തിൽ അക്രമണം നടത്തിയെന്നാണ് പരാതി. ജമാലുദീന്റെ മകൾ ജസീലയെ ഭർത്താവ് ജാഷിദ് മദ്യപിച്ച് സ്ഥിരമായി മർദ്ദിക്കാറുണ്ടത്രേ. കഞ്ചാവ് കേസിലും ജാഷിദ് പ്രതിയായി. ഇതേത്തുടർന്ന് ജസീലയും ആറ് മാസം പ്രായമായ കുഞ്ഞും കേച്ചേരിയിൽ നിന്ന് പൊക്കാഞ്ചേരിയിലെ സ്വന്തം വീട്ടിലെത്തി താമസിക്കുകയായിരുന്നു. ഇതിനിടയിൽ കഞ്ചാവ് കേസിൽ മൂന്നു മാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ജാഷിദ് കഴിഞ്ഞ ദിവസം പൊക്കാഞ്ചേരിൽ ജസീലയും രക്ഷിതാക്കളും താമസിക്കുന്ന ഫ്ലാറ്റിലെത്തി ജസീലയെയും കുഞ്ഞിനെയും തന്റെയൊപ്പം വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വീട്ടുകാർ ജസീലയെയും കുഞ്ഞിനെയും പറഞ്ഞയച്ചില്ല. കാണിച്ചു തരാമെന്ന ഭീഷണി മുഴക്കിയാണ് ജാഷിദ് മടങ്ങിയത്. ഇതിന് ശേഷമാണ് വ്യാഴാഴ്ച ജാഷിദിന്റെ അനുജനും കണ്ടാൽ അറിയുന്ന മറ്റ് മൂന്നു പേരും ചേർന്ന് മാരകായുധവുമായി വീട്ടിൽ കയറി ആക്രമിച്ചത്. അക്രമികൾ പിന്നീട് ബൈക്കിൽ തന്നെ രക്ഷപ്പെട്ടു. സംഭവത്തിൽ ജാഷിദിനെ വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു..