തിരുവനന്തപുരം: ഇ.എം.എസ് നമ്പൂതിരിപ്പാടിനുശേഷം സംസ്ഥാനത്ത് തലയെടുപ്പോടെ നിന്ന രാഷ്ട്രീയക്കാരനായ എഴുത്തുകാരനായിരുന്നു എം.പി.വീരേന്ദ്രകുമാർ. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് എതിർപ്പുള്ളവർ പോലും ആ ധിഷണയെ അംഗീകരിച്ചിരുന്നു. ഇ.എം.എസിനെ പോലെ എല്ലാം രാഷ്ട്രീയ തത്വചിന്തയുടെ പരിധിയിൽ നിന്ന് നോക്കാതെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് നോക്കിക്കാണാനാണ് വീരേന്ദ്രകുമാർ എന്നും ശ്രദ്ധിച്ചുപോന്നത്. ഒരു സാഹിത്യകാരന്റെ നൈർമ്മല്യവും ഒരു രാഷ്ട്രീയക്കാരന്റെ സാമൂഹ്യബോധവും അദ്ദേഹത്തിന്റെ എഴുത്തുകളിൽ സമന്വയിച്ചിരുന്നു. ചിന്തിക്കുകയും എഴുതുകയും വായിക്കുകയും അതിലൂടെ സമൂഹത്തിന് സാംസ്കാരികമായ നേതൃത്വം നൽകിപ്പോരുകയും ചെയ്ത രാഷ്ട്രീയ നേതൃത്വത്തിന്റെ തലമുറകൂടിയാണ് വീരേന്ദ്രകുമാറിന്റെ നിര്യാണത്തോടെ മലയാളത്തിന് നഷ്ടമാകുന്നത്.
ബഹുമുഖത്വം, ബഹുമുഖ വ്യക്തിത്വം തുടങ്ങിയ വിശേഷണ പദങ്ങൾ അർത്ഥപൂർണമായിത്തീരുന്ന അപൂർവം സന്ദർഭമായിരുന്നു എം.പി വീരേന്ദ്രകുമാറിന്റെ ജീവിതം. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ വളർന്നുവലുതാകാൻ തുടങ്ങിയ ഹിന്ദുത്വ ഫാസിസത്തിന്റെ സ്വഭാവവും മൂന്നു പതിറ്റാണ്ടുമുമ്പുതൊട്ടേ പ്രവചനസ്വഭാവത്തോടെ വീരേന്ദ്രകുമാർ തന്റെ പുസ്തകങ്ങളിലൂടെ അവതരിപ്പിച്ചിരുന്നു. 'രാമന്റെ ദുഃഖം', 'ബുദ്ധന്റെ ചിരി', 'സമന്വയത്തിന്റെ വസന്തം', 'രോഷത്തിന്റെ വിത്തുകൾ', 'അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ' തുടങ്ങിയ ലേഖനസമാഹാരങ്ങൾ ഇത്തരത്തിലുള്ളതായിരുന്നു.
സാമൂഹികചിന്തയ്ക്കു സമാന്തരമായി വിഹരിക്കുന്നതായിരുന്നു വീരേന്ദ്രകുമാറിന്റെ സാംസ്‌കാരികസാഹിത്യ ചിന്തകൾ. 'ഹൈമവതഭൂവിൽ', 'ഡാന്യൂബ് സാക്ഷി' എന്നീ സഞ്ചാരവിവരണഗ്രന്ഥങ്ങളും 'ആത്മാവിലേക്ക് ഒരു തീർഥയാത്ര', 'പ്രതിഭയുടെ വേരുകൾ തേടി', 'ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം' തുടങ്ങിയ രചനകളും അദ്ദേഹത്തിന്റെ സംഭാവനയാണ്.
രാഷ്ട്രീയം, സാഹിത്യം, പത്രവ്യവസായം, സാമൂഹിക ഇടപെടൽ തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്ന വീരേന്ദ്രകുമാറിന്റെ വ്യക്തിത്വം കൂടുതൽ തിളങ്ങിയത് എഴുത്തിലാണ്. പ്രബന്ധം, യാത്രാവിവരണം, സാഹിത്യ വിശകലനം, സാമൂഹികാപഗ്രഥനം, ജീവചരിത്രപഠനം തുടങ്ങി അദ്ദേഹം കൈവെയ്ക്കാത്തമേഖലകളില്ല. അദ്ദേഹവുമായുള്ള സംഭാഷണങ്ങളിൽ ഇൗ സവിശേഷതകളെല്ലാം പ്രകാശം പരത്തിയിരുന്നു .ഇൗ തെളിമയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഇല്ലാതാകുന്നത്.