lockdown

തിരുവനന്തപുരം: രാജ്യത്ത് നാലാംഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. മേയ്‌ 31 ആകുമ്പോൾ രാജ്യത്താകെ 1.80 ലക്ഷം രോഗികൾ ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക്ക് ഡൗൺ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു.

നിയന്ത്രണങ്ങളുടെ കാര്യത്തിൽ കൂടുതൽ ഇളവുകൾ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും. സോണുകൾ നിർണയിച്ച് സാഹചര്യങ്ങൾക്ക് അനുസൃതമായി സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ നിശ്ചയിക്കാം. മാസ്ക് നിർബന്ധമാക്കൽ, പൊതുഇടങ്ങളിലെ നിരീക്ഷണം തുടങ്ങി ദേശീയതലത്തിൽ പൊതുമാർഗനിർദേശം മാത്രമേ കേന്ദ്ര സർക്കാർ നൽകൂ എന്നാണ് സൂചന. സാമൂഹിക അകലം പാലിച്ച് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാൻ അനുമതി നൽകിയേക്കും. ഞായറാഴ്ച ഇത്‌ സംബന്ധിച്ച മാർഗരേഖയും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

രാജ്യത്ത് മാർച്ച്‌ 24ന് ആദ്യ ലോക്‌ഡോൺ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 519 ആയിരുന്നു. എന്നാൽ 21 ദിവസത്തിനു ശേഷം ഒന്നാം ഘട്ട ലോക്‌ഡോൺ അവസാനിച്ചപ്പോൾ ആകെ രോഗികളുടെ എണ്ണം 10815 ആയി. രണ്ടാംഘട്ട ലോക്ക് ഡൗൺ 19 ദിവസം നീട്ടിയപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ കഴിയും എന്നായിരുന്നു കേന്ദ്ര സർക്കാർ കരുതിയത്. എന്നാൽ രണ്ടാം ഘട്ടം അവസാനിച്ചപ്പോൾ കൊവിഡ് രോഗികളുടെ എണ്ണം മൂന്നിരട്ടി വർദ്ധിച്ച് 40263 ആയി. മൂന്നാം ഘട്ടം പിന്നിട്ട് നാലാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാറാകുമ്പോൾ രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് കുതിക്കുകയാണ്.