pic

ന്യൂഡൽഹി: സർവകലാശാല അവസാന വർഷ പരീക്ഷകൾ നീട്ടില്ലെന്നും ജൂലായ് മാസത്തിൽ അല്ലെങ്കിൽ തൊട്ടടുത്ത മാസത്തിൽ നടത്താനുള്ള നിർദ്ദേശം എല്ലാ സർവകാലാശാലകൾക്കും നൽകിയതായി കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്റിയാൽ അറിയിച്ചു. 45000 വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വീഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചയ്ക്ക്ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വർഷത്തെ വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കാൻ യു.ജി.സിയ്ക്കും എൻ.സി.ഇ.ആർ.ടിയ്ക്കും പ്രത്യേക കർമസേന രൂപീകരിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

പരീക്ഷകളെല്ലാം നടത്തേണ്ടത് സാമൂഹ്യസുരക്ഷ മുൻനിറുത്തിമാത്രമാകണമെന്ന നിലപാടു മാത്രമാണുള്ളത്. അവസാന വർഷ പരീക്ഷകൾ അനിശ്ചിതമായി നീട്ടുന്ന പ്രശ്നമില്ല. ജൂലായ് മാസത്തിലേത് ചിലപ്പോൾ അടുത്തമാസത്തേക്ക് നീങ്ങും എന്നുമാത്രം. അതാത് സർവകലാശാലകൾ തീരുമാനം എടുക്കണം. ഈ തീരുമാനം അവസാന വർഷ പരീക്ഷ എഴുതുന്നവർക്ക് മാത്രമാണ്.

ആദ്യ സെമിസ്റ്റർ പരീക്ഷകൾ എഴുതുന്നവരെ അവരുടെ മുൻനിലവാരം നോക്കി സ്ഥാനക്കയറ്റം നൽകണം. രണ്ടാം വർഷക്കാർക്ക് 50 ശതമാനം ഇന്റേണൽ മാർക്കുകളും 50 ശതമാനം മുൻവർഷത്തെ മാർക്കോ അല്ലെങ്കിൽ സെമിസ്റ്റർ മാർക്കോ പരിഗണിച്ച് സ്ഥാനക്കയറ്റം നൽകാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.