veerendra-kumar

കോഴിക്കോട്: ഇന്നലെ അന്തരിച്ച രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമാ എം.പി.വീരേന്ദ്രകുമാറിന് നാടിന്റെ അന്ത്യാഞ്ജലി. കോഴിക്കോട് ചാലപ്പുറത്തെ വസതിയിലുള്ള ഭൗതിക ശരീരം പതിനൊന്നുമണിയോടെ ജന്മദേശമായ വയനാട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് അഞ്ചിന് കൽപ്പറ്റയിലെ വീട്ടുവളപ്പിൽ ഒദ്യോഗിക ബഹുമതികളോടെയാവും സംസ്കാരം. ഹൃദയാഘാതത്തെ തുടർന്ന് രാത്രി പതിനൊന്നരയ്ക്ക് സ്വകാര്യ ആശുപ്രത്രിയിൽവച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, സാംസ്കാരികരംഗത്തെ നിരവധി പ്രമുഖർ അനുശോചിച്ചു.

ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു
ബഹുമുഖ പ്രതിഭയായിരുന്നു വീരേന്ദ്രകുമാർ. എച്ച്.ഡി. ദേവ ഗൗഡ, ഐ.കെ. ഗുജ്റാൾ എന്നിവരുടെ കാലത്ത് കേന്ദ്ര മന്ത്രിയായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ച പ്രതിഭാധനനായ വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ പുരസ്കാരങ്ങളും ലഭിച്ചു. പരിസ്ഥിതി സംരക്ഷണവും മനുഷ്യാവകാശവും അദ്ദേഹത്തിന്റെ രചനകളുടെ പ്രമേയമായി. മാതൃഭൂമിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമെന്ന നിലയിൽ മാദ്ധ്യമരംഗത്ത് വിലമതിക്കാനാവാത്ത സംഭാവനകളാണ് അദ്ദേഹം നൽകിയത്. പാവങ്ങൾക്കും പാർശ്വവൽകരിക്കപ്പെട്ടവർക്കും വേണ്ടി അദ്ദേഹം എന്നും നിലകൊണ്ടു. അദ്ദേഹത്തിന്റെ വേർപാടിൽ യഥാർത്ഥ ദേശസ്നേഹിയെയും മഹാനായ നേതാവിനെയുമാണ് രാജ്യത്തിന് നഷ്ടമാവുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു .

മുഖ്യമന്ത്രി പിണറായി വിജയൻ

എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗം ജനാധിപത്യ-മതേതരത്വ ചേരിക്ക് കനത്ത നഷ്ടമാണ്. അടിയന്തരാവസ്ഥ കാലത്ത് ഒരു ജയിലിൽ ഒരുമിച്ച് കഴിഞ്ഞിരുന്നു. വർഗീയ ഫാസിസത്തിനെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടി. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വീരേന്ദ്രകുമാർ മുൻനിരയിലുണ്ടായിരുന്നു.

രമേശ് ചെന്നിത്തല

കൃത്യമായ നിലപാടുകളുമുള്ള വ്യക്തിയായിരുന്ന വീരേന്ദ്രകുമാറിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ്.

എ കെ ആന്റണി

രാഷ്ട്രീയത്തിന് അതീതനായ വ്യക്തിത്വമായിരുന്നു എം പി വീരേന്ദ്ര കുമാർ. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടം തന്നെയാണ്.

മോഹൻലാൽ

'എപ്പോൾ വിളിച്ചാലും നർമ്മത്തോടെ, എല്ലാ സംസാരവും തമാശ കലർത്തി അദ്ദേഹം സംസാരിക്കുമായിരുന്നു. എപ്പോഴും സ്നേഹത്തോടെ, ഏറ്റവും അടുത്തൊരാളോട് സംസാരിക്കുന്നത് പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. പിറന്നാളിന് പോലും എന്നെ വിളിച്ചിരുന്നു. ആശംസ നേർന്നു. ഏറ്റവുമൊടുവിൽ വിളിച്ചപ്പോൾ പുറത്ത് പോകാൻ പറ്റുന്നില്ല, വയ്യ എന്നൊക്കെ പരിഭവത്തോടെ പറഞ്ഞു. അതൊന്നും സാരമില്ല, എല്ലാം പെട്ടെന്ന് ശരിയാകുമെന്ന് ഞാൻ പറഞ്ഞു. എപ്പോൾ വിളിക്കുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കൂടി അദ്ദേഹം ഫോൺ കൈമാറും. ആ അമ്മ, എപ്പോഴും ഇനി വരുമ്പോ വീട്ടിൽ വരണമെന്ന് പറയും'',

മമ്മൂട്ടി

വീരേന്ദ്രകുമാർ എന്ന പല ശിഖരങ്ങളും പല തലങ്ങളുമുള്ള ബഹുമുഖ പ്രതിഭ ഇനി നമ്മോടൊപ്പമില്ല. മലയാളിക്കും ഇന്ത്യൻ രാഷ്ട്രീയത്തിനും അദ്ദേഹം പലതുമായിരുന്നു. പക്ഷേ എനിക്ക് അദ്ദേഹം എന്റെ ഹൃദയത്തിലെ ബന്ധു ആയിരുന്നു. അദ്ദേഹത്തോട് സംസാരിച്ചിട്ട് അധികനാൾ ആയിട്ടില്ല. അസുഖമാണെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്നുള്ള ഒരു വിയോഗം പ്രതീക്ഷിച്ചില്ല. പരിചയപ്പെട്ട ആദ്യനാൾ മുതൽ വല്ലാത്ത ആത്ബന്ധമായിരുന്നു ഞങ്ങളുടേത്. ഓരോ വേദികളിൽ, ഓരോ സന്ദരർഭങ്ങളിൽ, വീട്ടിലുമെല്ലാം ഞങ്ങൾ സുഹൃത്തുക്കളെപ്പോലെയായിരുന്നു. അദ്ദേഹത്തിന് എന്റെ പ്രായമായിരുന്നോ എനിക്ക് അദ്ദേഹത്തിന്റെ പ്രായമായിരുന്നോ എന്നെനിക്ക് അറിയില്ല. പക്ഷേ എപ്പോഴും ഞങ്ങൾ സമപ്രായക്കാരെപ്പോലെയായിരുന്നു. സംസാരിക്കുന്ന വിഷയത്തിൽ സാമ്യതകളുണ്ടായിരുന്നു.
രാഷ്ടീയ രംഗത്തും സാഹിത്യരംഗത്തും സാമൂഹ്യരംഗത്തും പരിസ്ഥിതി രംഗത്തും ഒരുപാട് സംഭാവനകൾ അർപ്പിച്ച അദ്ദേഹം എന്നോട് വലിയ സൗഹൃദമാണ് കാട്ടിയത്. ഒരു സിനിമാ നടൻ എന്നതിൽ കവിഞ്ഞൊരു വാത്സല്യമുണ്ടായിരുന്നു, സ്നേഹവുമുണ്ടായിരുന്നു. ഒരു ബന്ധുത്വവുമുണ്ടായിരുന്നു അദ്ദേഹത്തിന്. അതാണ് എന്നെ ഏറ്റവുമധികം ഇപ്പോൾ വേദനിപ്പിക്കുന്നത്. ഏറ്റവും അടുത്ത ഒരു ബന്ധുവായിട്ടാണ് അദ്ദേഹത്തെ എപ്പോഴും ഉള്ളിൽ തോന്നിയത്. നാട്ടിലെയും വീട്ടിലെയും എല്ലാ കാര്യങ്ങളും അറിയുകയും എല്ലാം അറിയാൻ ആഗ്രഹിക്കുകയും ചെയ്ത ഒരാൾ. അങ്ങനെയുള്ളവരെയാണല്ലോ നമ്മൾ ഹൃദയം കൊണ്ട് ബന്ധുവെന്ന് വിളിക്കുന്നത്. എന്റെ ഏറ്റവും അടുത്ത ഒരു ബന്ധു, അല്ലെങ്കിൽ ഒരു ജ്യേഷ്ഠനോ അമ്മാവനോ പിതൃതുല്യനോ ഗുരുതുല്യനോ ആയ ഒരാൾ.ഒരിക്കലും മറക്കാൻ കഴിയാത്ത എന്റെ ഹൃദയത്തിലെ ബന്ധുവിന്, മഹാനായ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ.

എം ടി വാസുദേവൻ നായർ

എന്റെ പ്രിയപ്പെട്ട സുഹൃത്ത് കൂടിയായിരുന്നു എം പി വീരേന്ദ്രകുമാർ. എന്റെ കുറേ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ ലൈബ്രറിയിൽ എന്റെ കൈയൊപ്പോടെ കാണും, അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും ആ കൈയൊപ്പോടെ എന്റെ ലൈബ്രറിയിലും സൂക്ഷിക്കുന്നു. എന്റെ അടുത്തൊരു സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം.

മിസോറാം ​ഗവർണർ പിഎസ് ശ്രീധരൻ പിള്ള

വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും വലിയ സ്വാധീനം ഉണ്ടാക്കിയ വ്യക്തിയാണ്എംപി വീരേന്ദ്രകുമാർ . പ്രകൃതിയേയും മനുഷ്യനേയും കുറിച്ച് നിരന്തരം സംസാരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലായിരുന്നു എപ്പോഴും. പക്ഷെ മനസുകൊണ്ട് അദ്ദേഹത്തെ പോലെ ഇത്രയും അടുത്ത വ്യക്തികൾ ചുരുക്കമായിരുന്നു .പ്രകൃതിയേയും മനുഷ്യനേയും എഴുത്തിലും ഇടപെടലുകളിലും പരസ്പര പൂരകമായി കൊണ്ടുപോകാൻ വിരേന്ദ്രകുമാറിന് എന്നും കഴിഞ്ഞിട്ടുണ്ട്.സോഷ്യലിസ്റ്റ് ആശയങ്ങളിൽ ദേശീയ ശ്രേണിയിൽ പരിഗണിക്കപ്പെട്ടിരുന്ന, അതിന് തക്ക അനുഭവ സമ്പത്തുള്ള മഹാനായ വ്യക്തിയെ ആണ് വീരേന്ദ്രകുമാറിന്റെ വിയോഗത്തോടെ നഷ്ടമായത്.

കെ.ശങ്കരനാരായണൻ

തന്റെ ജീവിതത്തിൽ എം.പി വീരേന്ദ്രകുമാറിനോളം മികച്ചൊരു സുഹൃത്ത് ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. 50 വർഷക്കാലത്തെ അടുപ്പം വീരേന്ദ്രകുമാറുമായിട്ടുണ്ട്.എല്ലാ കാര്യങ്ങളും ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നു. സ്‌നേഹത്തോടുകൂടി മാത്രമായിരുന്നു പെരുമാറുക.കോഴിക്കോട് പോകുമ്പോഴും വയനാട് പോകുമ്പോഴും അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിലും വലിയൊരു നഷ്ടം തനിക്കുണ്ടായിട്ടില്ല. എതിർപ്പുകളുമുണ്ടായിരുന്നു. അകൽച്ചകളൊന്നും അടുപ്പത്തെ ബാധിച്ചിരുന്നില്ല.

ജനതാ പാർട്ടികളുടെ ഐക്യം ആഗ്രഹിച്ച നേതാവായിരുന്നു വീരേന്ദ്രകുമാറെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി അനുസ്മരിച്ചപ്പോൾ, മനുഷ്യനന്മയുടെ പക്ഷത്ത് നിന്ന നേതാവെന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ പറഞ്ഞു. കൃത്യമായ ധാരണയോടെ ഇടതു രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോയ നേതാവായിരുന്നു വീരേന്ദ്രകുമാറെന്ന് സി.പി.എം നേതാവ് എം വി ഗോവിന്ദൻ അനുസ്മരിച്ചു.ആഗോള വത്കരണകാലത്തെ സാമ്പത്തിക വിപത്ത് എല്ലാവരേക്കാളും മുമ്പേ മനസ്സിലാക്കുകയും, മലയാളിയോടും പറയുകയും ചെയ്ത ഒരാളായിരുന്നു വീരേന്ദ്രകുമാറെന്ന് എഴുത്തുകാരി സാറാ ജോസഫും അനുസ്മരിച്ചു. കോൺഗ്രസ് മുൻ അദ്ധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.