ചെന്നൈ: തമിഴ്‌നാട്ടിലെ കൊവിഡ് സ്ഥിതിഗതിയിൽ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. തീവ്ര പരിശോധനയും കർശന നിരീക്ഷണവും നടപ്പിലാക്കിയില്ലെങ്കില്‍ അടുത്തമാസം അവസാനത്തോടെ തമിഴ്നാട്ടില്‍ ഒന്നരലക്ഷം കോവിഡ് രോഗികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ് സ്ഥിതിഗതികള്‍ പഠിക്കാന്‍ നിയോഗിച്ച ആരോഗ്യ വിദഗ്ധരുടെ സംഘമാണ് സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയത്.
മരണം ആയിരം കടന്നേക്കാമെന്നും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു. അതിനിടെ തമിഴ്നാട്ടില്‍ ഇന്നലെ 827 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. നിലവില്‍ ഒരോ ദിവസവുംമൊത്തം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ അറുപതു ശതമാനം ചെന്നൈയിലാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ അടുത്തമാസം അവസാനമാകുമ്പോഴേക്കും ഒന്നരലക്ഷം രോഗികള്‍ തമിഴ്നാട്ടില്‍ ഉണ്ടാകുമെന്നാണ് കണക്ക്. മരണസംഖ്യ 1400 വരെ ആയേക്കുമെന്നും വിദഗ്ധ സംഘം സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കി.
സാമൂഹിക വ്യാപനത്തെ കുറിച്ചു പഠിക്കുന്ന ഐ.സി.എം.ആര്‍ സംഘമാണ് വ്യാപക പരിശോധന നിര്‍ദേശിച്ചത്.അതിനിടെ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണം രണ്ടക്കം തൊട്ടു. 12 പേര്‍ക്കാണ് ഇന്നലെ ജീവന്‍ നഷ്ടമായത്.ഇതിൽ ഒരാളൊഴികെ എല്ലാവരും ചെന്നൈ സ്വദേശികളാണ്.