bev-q-

തിരുവനന്തപുരം: മദ്യവിതരണത്തിനുള്ള ഓൺലൈൻ ടോക്കൺ സംവിധാനമായ ബെവ്ക്യൂ ആപ്പിൽ ഇന്നും സങ്കേതിക പ്രശ്നങ്ങൾ. രജിസ്ട്രേഷനുള്ള ഒ.ടി.പി കിട്ടാത്തതായിരുന്നു ഇന്നലെ വരെയുള്ള പ്രശ്നം. രാത്രിയോടെ മൂന്ന് പുതിയ ഒ.ടി.പി സേവനദാതാക്കളെ കണ്ടെത്തി പ്രശ്നം പരിഹരിച്ചതായി കമ്പനി അറിയിച്ചെങ്കിലും ഇന്ന് രാവിലെ ആപ്പിൽ വീണ്ടും സാങ്കേതിക പ്രശ്നമുണ്ടാക്കുകയായിരുന്നു.

രാവിലെ മദ്യം ബുക്ക് ചെയ്യാൻ ശ്രമിച്ച പ‍ല‍ർക്കും ഒ.ടി.പി കിട്ടുകയോ രജിസ്ട്രേഷൻ പൂ‍ർത്തിയാക്കാനോ പറ്റിയില്ല. ഒമ്പത് മണിക്ക് ശേഷം ബുക്ക് ചെയ്യാൻ ശ്രമിച്ചവ‍ർക്ക് പുല‍ർച്ചെ 3.35 മുതൽ 9 വരെയുള്ള സമയത്തേ ബുക്കിം​ഗ് നടത്താനാവൂ എന്ന സന്ദേശമാണ് ലഭിച്ചത്. അതേസമയം ഇന്നത്തേക്ക് മദ്യം വാങ്ങാനായി 15 ലക്ഷത്തോളം പേ‍ർ ബുക്കിം​ഗ് നടത്തിയെന്നാണ് ഫെയർകോഡ് കമ്പനി അറിയിച്ചത്. ബാർകോഡ് പരിശോധിക്കാനുള്ള സംവിധാനം ലഭ്യമല്ലാത്തതിനാൽ പലയിടത്തും ഇന്ന് ബാ‍ർകോഡ് രേഖപ്പെടുത്തിയാണ് മദ്യം നൽകുന്നത്.

ഇന്നലെയും ബാറുകളിൽ പലയിടത്തും മൊബൈൽ ആപ്പ് പ്രവർത്തനരഹിതമായിരുന്നു . ബെവ്കോ ഔ‍ട്ട്ലെറ്റുകളിൽ ലോഗിനും ഐഡിയും പാസ് വേഡും കിട്ടിയില്ല. ആളുകളുടെ നിരകൂടിയതോടെ സാമൂഹ്യാകലത്തിനായി പലയിടത്തും പൊലീസ് ഇടപെട്ടു. കാര്യം നടക്കാൻ ഒടുവിൽ ക്യൂ ആ‍ർ കോ‍ഡ് സ്കാൻ ചെയ്യാതെ തന്നെ മദ്യ വിതരണം തുടങ്ങിയത്.

ഇന്നലെ ഉച്ചയോടെ പല ബാറുകളിലും സ്റ്റോക് തീർന്നു. ഇതോടെ ടോക്കണുമായെത്തിവ‍ർ ബഹളം വച്ചു. കൊച്ചിയിൽ ചില പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ബാറുകളിൽ വിറ്റത് ഉയർന്ന വിലക്കുള്ള മദ്യം മാത്രമാണ്.