covid-

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നിന്ന് അബ്കാരി കേസുകളിൽ റിമാൻഡിലായ രണ്ട് പ്രതികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നെയ്യാറ്റിൻകര സ്പെഷ്യൽ സബ്ജയിലിൽ 16 ജയിൽ ജീവനക്കാരും റിമാൻഡ് പ്രതികളുമുൾപ്പെടെ 50 പേരെ നിരീക്ഷണത്തിലാക്കി. രണ്ട് പ്രതികളുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവായതോടെ നെയ്യാറ്റിൻകര നഗരസഭയിലെ ഹെൽത്ത് വിഭാഗത്തിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ജയിലും പരിസരവും അണുവിമുക്തമാക്കി. ജയിൽ സൂപ്രണ്ടുൾപ്പെടെ 16 ജീവനക്കാരെയും തടവുകാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനുള്ള നടപടികൾ ആരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു. കൊവിഡ് പരിശോധനാഫലം വരുന്നത് വരെ ജയിൽ ജീവനക്കാർക്ക് വീടുകളിലേക്ക് മടങ്ങാനാകില്ല. ജയിലിൽ ക്വാറന്റൈനിൽ കഴിയുന്ന ഇവർക്ക് തന്നെയാകും ജയിലിന്റെയും സുരക്ഷാ ചുമതല. തടവുകാർക്ക് കൊവിഡ് ബാധിച്ചതോടെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടെ റിമാൻഡ് പ്രതികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്.

കൊവിഡിന്റെ തുടക്കത്തിൽ തിരുവനന്തപുരം ജില്ലാ ജയിലിലിനെയും പൂജപ്പുര സ്പെഷ്യൽ സബ് ജയിലിനെയും നിരീക്ഷണ ജയിലുകളാക്കി മാറ്റിയിരുന്നു. കൊവിഡ് കാലത്ത് റിമാൻഡ് ചെയ്യപ്പെടുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കുവാൻ ഇവിടെയായിരുന്നു സംവിധാനം സജ്ജീകരിച്ചിരുന്നത്. എന്നാൽ അബ്കാരി കുറ്റകൃത്യങ്ങളുടെയും അറസ്റ്റിലാകുന്നവരുടെയും എണ്ണം പെരുകിയതോടെയാണ് നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലും നിരീക്ഷണ ജയിലുകളുടെ പട്ടികയിലായത്.

വെഞ്ഞാറമൂട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത അബ്കാരി കേസ് പ്രതിയായ ഒരാൾക്കും അബ്കാരി കേസിലും ആംസ് ആക്ടിലും പ്രതിയായ മറ്റൊരാൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് വെഞ്ഞാറമൂട് പാറയ്ക്കൽ സ്വദേശിയായ ഒരു അബ്കാരി കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ഇയാളെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ സി.ഐ ഉൾപ്പെടെ വെഞ്ഞാറമൂട്ടിലെ പൊലീസുകാർ കൂട്ടത്തോടെ ക്വാറന്റൈനിലായതിന് പിന്നാലെയാണ് വീണ്ടും കൊവിഡ് ബാധിതരായ പ്രതികളുടെ അറസ്റ്റ് പൊലീസിന് പൊല്ലാപ്പായത്. അബ്കാരി കേസ് പ്രതികളുടെ അറസ്റ്റോടെ വെഞ്ഞാറമൂട്ടിൽ കഴിഞ്ഞ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ക്വാറന്റൈനിലായി.

അതേസമയം പാറയ്ക്കൽ സ്വദേശിയുടെ കൊവിഡ് ബാധയുടെ കാര്യത്തിൽ ഇനിയും വ്യക്തതയില്ലാതിരിക്കുകയും ഇയാളുടെ സമ്പർ‌ക്കപ്പട്ടികിയിലുള്ള അമ്പതോളം പേർ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണത്തിൽ കഴിയുകയും ചെയ്യവേ , വീണ്ടും വെഞ്ഞാറമൂട് നിന്ന് കൊവിഡ് കേസുകൾ റിപ്പോർട്ടാകുന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്നലെ ജയിലിൽ നിന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പ്രതികളെ ഇന്ന് ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച് രോഗബാധയുടെ ഉറവിടം തേടും. ഇവരുടെ സഞ്ചാരപഥവും സമ്പർക്കപ്പട്ടികയും പുറത്തുവരുന്നതോടെ പ്രദേശത്ത് കൂടുതൽ പേ‌ർ നിരീക്ഷണത്തിലാകും. ഇവരുടെ കുടുംബാംഗങ്ങളെയും പരിസര വാസികളെയും അടക്കം രണ്ട് ഡസനോളം പേരെ പ്രദേശത്ത് വീടുകളിൽ ക്വാറന്റൈനിലാക്കിയതായും ഇവരുടെ സാമ്പിൾ ശേഖരിക്കാനുള്ള ശ്രമം ആരംഭിച്ചതായും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.