ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തിത്തർക്കത്തിൽ മദ്ധ്യസ്ഥനാകാമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചതിനെ വീണ്ടും തള്ളി വിദേശകാര്യമന്ത്രാലയം.പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി അടുത്ത കാലത്ത് സംസാരിച്ചിട്ടില്ല. ഏപ്രിൽ 4, 2020-നാണ് ഏറ്റവുമൊടുവിൽ ഇരുവരും സംസാരിച്ചത്. മലേറിയ പ്രതിരോധമരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിനുമായി ബന്ധപ്പെട്ടാണ് സംസാരിച്ചത്. ഡിപ്ലോമാറ്റിക് തലത്തിലൂടെ ഇന്ത്യ ചൈനയുമായി ചർച്ച നടത്തുന്നുണ്ട് എന്നാണ് വിദേശമന്ത്രാലയ വൃത്തങ്ങളുടെ പ്രതികരണം.
ചൈനയുമായുള്ള അതിർത്തിത്തർക്കം സമാധാനപരമായിത്തന്നെ പരിഹരിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ട്രംപിന്‍റെ പ്രസ്താവനയോട് അതീവശ്രദ്ധയോടെ തയ്യാറാക്കിയ ഒരു വാർത്താക്കുറിപ്പിലൂടെയായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്‍റെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചെന്ന് പറഞ്ഞ ട്രംപ്, മോദി ''അത്ര നല്ല മൂഡിലല്ല'', എന്നാണ് പറഞ്ഞത്. ഇന്ത്യയും ചൈനയും തമ്മിൽ ''വലിയ ഭിന്നത'' നടക്കുകയാണെന്നും മാദ്ധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. എന്നാൽ ഇതും വിദേശകാര്യമന്ത്രാലയം നിഷേധിച്ചു.