തിരുവനന്തപുരം: കരിമഠം കോളനിയിൽ ഇന്നലെ രാത്രി ഇരുവിഭാഗം ആളുകൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. കോളനി നിവാസികളായ നിയാസ്, ഷാനവാസ്, ഇർഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. പൂർവ വൈരാഗ്യത്തിന്റെ പേരിൽ ഒരു സംഘം കോളനിയിൽ കയറി ഇവരെ അക്രമിക്കുകയായിരുന്നുവെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് പരിക്കേറ്റ മൂന്നുപേരെയും ഫോർട്ട് ഗവ. ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായും പ്രതികളെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടതായും ഫോർട്ട് പൊലീസ് അറിയിച്ചു.