അടിയന്തരാവസ്ഥയിലെ ജയിൽവാസം കഴിഞ്ഞ് എം.പി. വീരേന്ദ്രകുമാർ പുറത്തിറങ്ങിയ ശേഷം തിരുവനന്തപുരത്ത് നടന്ന ഒരു സമരപരിപാടിയിലാണ് ആദ്യമായി ഞാൻ അദ്ദേഹത്തെ കാണുന്നത്. ഞാനന്ന് സംഘടനാ കോൺഗ്രസിലായിരുന്നു. പിന്നീട് ഞങ്ങളെല്ലാവരും ജനതാപാർട്ടിയിൽ ലയിച്ചു. അന്ന് തുടങ്ങിയ ബന്ധം പിന്നീട് ഞങ്ങളെ കുടുംബാംഗങ്ങളെ പോലെയാക്കി. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവായ റാം മനോഹർ ലോഹ്യയിൽ ചെറുപ്പത്തിലേ ആകൃഷ്ടനായ വീരേന്ദ്രകുമാർ സോഷ്യലിസ്റ്റ് വഴിയിൽ തുടക്കം മുതൽ സഞ്ചരിച്ചത് സ്വാഭാവികം.സോഷ്യലിസ്റ്റായ അച്ഛനൊപ്പം പതിനഞ്ചാം വയസ്സിൽ ജയപ്രകാശ് നാരായണനെ പരിചയപ്പെട്ട വീരേന്ദ്രകുമാർ പാർട്ടി അംഗത്വം സ്വീകരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായി കണ്ണൂർ ജയിലിൽ കഴിഞ്ഞ അദ്ദേഹത്തിന്റെ സഹതടവുകാരായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മറ്റും.
എന്റെ ജ്യേഷ്ഠ സഹോദരനായിരുന്നു വീരേന്ദ്രകുമാർ. അത്രമേൽ ഹൃദയബന്ധം ആദ്യമായി കണ്ട നാൾ തൊട്ട് അദ്ദേഹവുമായി പുലർത്തിപ്പോന്നു. എത്ര തിരക്കിലാണെങ്കിലും ദിവസേന ഒരു നിമിഷനേരത്തേക്കെങ്കിലും അദ്ദേഹവുമായി സംസാരിച്ചില്ലെങ്കിൽ ഞാൻ അസ്വസ്ഥനാകും. ഞാനെന്ത് കുറിപ്പെഴുതിയാലും അദ്ദേഹത്തിന്റെ അഭിപ്രായം ആരായുന്നതും ശീലമായി. കാർഷികമേഖലയുമായി ബന്ധപ്പെട്ട് ഈ ദിവസങ്ങളിലെഴുതിയ ഒരു കുറിപ്പും അദ്ദേഹത്തിന്റെ വായനയ്ക്കായി കൈമാറിയിട്ടുണ്ടായിരുന്നു. വായിച്ചു, നന്നായി എന്നദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയ നേതാവെന്ന നിലയിലുള്ള എന്റെ വളർച്ചയിൽ എന്നും വഴികാട്ടിയായിരുന്നു വീരേന്ദ്രകുമാർ. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്നുള്ള സമരപരിപാടിയായിരുന്നു അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ തിരുവനന്തപുരത്ത് നടന്നത്. എ.കെ.ജിയൊക്കെ അന്ന് ആ സമരത്തിന്റെ ഭാഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാനത്തെ പ്രധാനനേതാവായിരുന്നു അദ്ദേഹം. പിന്നീട് സോഷ്യലിസ്റ്റ് നേതാവ് കെ. ചന്ദ്രശേഖരൻ നയിച്ച പദയാത്രയിൽ അംഗമായപ്പോൾ ഞങ്ങൾ തമ്മിലെ ഇഴയടുപ്പം കൂട്ടി. നാല് പതിറ്റാണ്ടിലേറെ നീണ്ട ഹൃദയബന്ധമാണ് ഞങ്ങൾ തമ്മിലെന്ന് പറഞ്ഞുവല്ലോ. ആ ബന്ധത്തിൽ ഒരിക്കൽപോലും അകൽച്ചയുണ്ടായി എന്ന് പറയാനാവില്ല. 2009ൽ കോഴിക്കോട് രാജ്യസഭാ സീറ്റ് തർക്കത്തിൽ ഇടതുമുന്നണി വിട്ട് സോഷ്യലിസ്റ്റ് ജനതാദൾ രൂപീകരിച്ചപ്പോൾ ഞാനും കൂടെയുണ്ടായിരുന്നു. പിന്നീട് കോൺഗ്രസുമായി യോജിച്ച് പോകാനാവാതെ ഞാൻ ജനതാദൾ-എസിലേക്ക് മടങ്ങാനൊരുങ്ങിയപ്പോൾ, അദ്ദേഹത്തോട് കാര്യം പറഞ്ഞു. ശരി, പോയ്ക്കോളൂ, എനിക്കിപ്പോൾ വരാനാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സാങ്കേതികമായ അകൽച്ച ഉണ്ടായത് ആ ഘട്ടത്തിലാണെന്ന് വേണമെങ്കിൽ പറയാം. പക്ഷേ മാനസികമായ അകൽച്ച അപ്പോഴുമുണ്ടായിട്ടില്ല. പുത്രൻ ശ്രേയാംസ് കുമാർ അദ്ധ്യക്ഷനായ ലോക് താന്ത്രിക് ജനതാദളും ജനതാദൾ-എസും ലയിച്ച് ഒന്നാകണമെന്ന് ഏറ്റവുമാഗ്രഹിച്ച വ്യക്തിയായിരുന്നു വീരേന്ദ്രകുമാർ. ജീവിച്ചിരിക്കുമ്പോൾ തന്നെ സോഷ്യലിസ്റ്റുകളെല്ലാം ഒരുമിച്ച് കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഞങ്ങളുടെ അഖിലേന്ത്യാ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായി സംസാരിച്ച് മഞ്ഞുരുക്കി. ഇരുപാർട്ടികളും തമ്മിലെ ലയനചർച്ച ഇന്നലെ എറണാകുളത്ത് . ആ ഘട്ടത്തിലാണ് അദ്ദേഹം വിട വാങ്ങിയിരിക്കുന്നത്. വേദനയോടെ വിട.
(ജനതാദൾ-എസ് നേതാവും സംസ്ഥാന ജലവിഭവ മന്ത്രിയുമാണ് ലേഖകൻ)