ponmagal-vanthal

ചെന്നൈ: ജ്യോതികയുടെ പുതിയ ചിത്രം പൊൻമകൾ വന്താൽ ആമസോൺ പ്രൈമിൽ ഒ.ടി.ടി റിലീസ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ ഓൺലൈനിൽ ചോർന്നു. സിനിമകളുടെ വ്യാജപതിപ്പിറക്കുന്ന തമിഴ് റോക്കേഴ്സ് വെബ്സൈറ്റിലാണ് പൊൻമകൾ വന്താലിന്‍റെ വ്യാജപതിപ്പ് വന്നത്.

സിനിമയുടെ എച്ച്.ഡി പതിപ്പ് തന്നെയാണ് തമിഴ്റോക്കേഴ്സിലെത്തിയത് എന്നതാണ് ആശങ്കയേറ്റുന്നത്. അർദ്ധരാത്രി 12 മണിയോടെയാണ് 'പൊൻമകൾ വന്താൽ' റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ഇത് കുറച്ച് സമയം വൈകിപ്പിച്ചിരുന്നു. പുലർച്ചെയോടെ സിനിമ റിലീസ് ചെയ്യാമെന്നാണ് കരുതിയിരുന്നത്. എന്നാൽ അർദ്ധരാത്രിയോടെ തന്നെ തമിഴ്റോക്കേഴ്സിൽ സിനിമ വരികയായിരുന്നു.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ തീയറ്ററുകൾ അടച്ചിട്ട പശ്ചാത്തലത്തിൽ ചെറുസിനിമകൾ ഓൺലൈൻ വഴി റിലീസ് ചെയ്യാമെന്ന തീരുമാനത്തെ എതിർത്ത് തീയറ്ററുടമകൾ രംഗത്ത് വന്നിരുന്നു. ജ്യോതികയുടെ ചിത്രം ഓൺലൈനിൽ റിലീസ് ചെയ്താൽ, സൂര്യയുടെ 'സൂരരൈ പോട്ര്' എന്ന ബിഗ് ബജറ്റ് ചിത്രത്തിന് തീയറ്ററുകൾ നൽകില്ലെന്നായിരുന്നു ഭീഷണി. പിന്നീട് സമവായ ചർച്ചകളിലൂടെയാണ് പ്രശ്നം പരിഹരിച്ചത്.