കാട്ടാക്കട: കൊവിഡ് 19യെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന മദ്യ നിയന്ത്രണം മൊബൈൽ ആപ്പിലൂടെ പുനഃസ്ഥാപിച്ചപ്പോൾ മൊബൈലില്ലാത്തവരും ആപ്പില്ലാത്തവരും വെട്ടിലായി. ആപ്പിലൂടെ ബുക്ക് ചെയ്തവർ അനുവദിച്ച സമയത്ത് മദ്യം വാങ്ങി മടങ്ങി. കാട്ടാക്കടയിൽ ഔട്ട് ലെറ്രിനെ ആപേക്ഷിച്ച് ബാറിലായിരുന്നു തിരക്ക് അനുഭവപ്പെട്ടത്. മാസ്ക് ധരിച്ചെത്തുന്ന ഉപഭോക്താക്കൾക്ക് തെർമൽ പരിശോധനയും സാനിറ്റൈസർ ഉപയോഗവും കഴിഞ്ഞാണ് ബുക്കിംഗ് അനുസരിച്ചുള്ള ക്യു അനുവദിച്ചത്. ബുക്കിംഗ് അനുസരിച്ച് മദ്യം വാങ്ങിയെന്ന് ആപ്പിൽ രേഖപ്പെടുത്താൻ കഴിയാത്തതിനാൽ ജീവനക്കാർ ഉപഭോക്താക്കളുടെ ബുക്കിംഗ് വിവരങ്ങൾ ബുക്കിൽ രേഖപ്പെടുത്തിയാണ് മദ്യം വിതരണം ചെയ്തത്. ആപ്പിലൂടെ ഒരിക്കൽ മദ്യം വാങ്ങിയാൽ അഞ്ച് ദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാൻ കഴിയൂ എന്നതിനാൽ ഒരാൾക്കുള്ള പരമാവധി അളവായ മൂന്ന് ലിറ്റർ മദ്യം വാങ്ങിയാണ് ഭൂരിഭാഗവും മടങ്ങിയത്.

ഒരു ബുക്കിംഗിന് മൂന്ന് ലിറ്റർ മദ്യം എന്നത് ആളുകൾ ശരിക്കും മുതലാക്കിയ കാഴ്ചയും ഉണ്ടായി. പുതിയ സിമ്മുകൾ തരപ്പെടുത്തി ബുക്ക് ചെയ്ത് എത്തിയവരും ഒന്നിലധികം കണക്ഷൻ ഉള്ളവരും അതിലെല്ലാം ബുക്കിംഗ് നടത്തി മദ്യം വാങ്ങി മടങ്ങി. ബുക്ക് ചെയ്യാതെ ബാറിനും ബിവറേജ് ഔട്ട് ലെറ്രിന് മുന്നിലും എത്തിയവർ പറയുന്ന വില നൽകി മദ്യം വാങ്ങാനും ഒരുക്കമായിരുന്നു.

 ആപ്പിലായി മദ്യപ്രേമികൾ
തിക്കുംതിരക്കുമില്ലാതെ മദ്യം വാങ്ങാൻ ആപ്പ് ഉപകാരമായപ്പോൾ, ആപ്പ് പാരയായി മദ്യം കിട്ടാതെ വിഷമിച്ചു വലഞ്ഞവരും ഏറെയാണ്. ആപ്പ് ലഭ്യമാകുന്ന മൊബൈൽ ഇല്ലാത്തവരും ഇതിനെക്കുറിച്ചുള്ള സാങ്കേതിക അറിവ് ഇല്ലാത്തവരും എത്തിയെങ്കിലും മദ്യം കിട്ടാതെ മടങ്ങി. ഇതിനിടയിൽ പുതിയ സംവിധാനത്തെ കുറിച്ച് അറിയാതെ മദ്യ വില്പന തുടങ്ങി എന്ന് അറിഞ്ഞെത്തിയ വൃദ്ധർ ഉൾപ്പെടെ ബീവറേജസിന് മുന്നിൽ മദ്യം കിട്ടാതെ വിഷമിക്കുന്ന അവസ്ഥയും ഉണ്ടായി. ഏതെങ്കിലും ബാറിൽ നിന്നും സാധരണ രീതിയിൽ ചെറിയ കുപ്പി മദ്യം എങ്കിലും ലഭിക്കും എന്ന പ്രതീക്ഷയിൽ കിലോമീറ്ററുകൾ താണ്ടി എത്തിയവരും ഏറെ.