രാഷ്ട്രീയം പ്രധാന കർമ്മമണ്ഡലമായപ്പോഴും സാഹിത്യ - സാംസ്കാരിക, പത്രപ്രവർത്തന മേഖലകളിൽ അമൂല്യമായ സംഭാവനകൾ നൽകിയ അപൂർവ വ്യക്തിത്വത്തിനുടമയായിരുന്നു വ്യാഴാഴ്ച രാത്രി വിടപറഞ്ഞ എം.പി വീരേന്ദ്രകുമാർ. എൺപത്തിനാലാം വയസിന്റെ അസ്‌കിതകൾ ഏറെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വേർപാട് ആകസ്മികം തന്നെയായിരുന്നു. ബുധനാഴ്ചയും 'മാതൃഭൂമി"യുടെ പുതിയ ഓഫീസിന്റെ ഉദ്ഘടനകർമ്മം അദ്ദേഹമാണ് നിർവഹിച്ചത്. ഹൃദയാഘാതമായെത്തിയ മരണദൂതൻ കൂട്ടിക്കൊണ്ടുപോകുമ്പോൾ ഏഴു പതിറ്റാണ്ടു നീണ്ടുനിന്ന സംഭവബഹുലവും തിളക്കമാർന്നതുമായ വ്യക്തിമുദ്ര അവശേഷിപ്പിച്ചുകൊണ്ടാണ് വീരേന്ദ്രകുമാർ ഈ ലോകം വിട്ടുപോയത്.
രാഷ്ട്രീയക്കാർക്കിടയിൽ സർഗവൈഭവം കൈമുതലായുള്ള സംസ്ഥാനത്തെ അപൂർവം പ്രതിഭാശാലികളിലൊരാളായിരുന്നു അദ്ദേഹം. എല്ലാ അർത്ഥത്തിലും സുകൃതം നിറഞ്ഞതായിരുന്നു ആ ജീവിതം. സംസ്ഥാനത്തിന്റെ പൊതുജീവിതത്തിനും സാംസ്കാരിക മണ്ഡലത്തിനും എക്കാലവും സ്മരിക്കാനുള്ള വക ബാക്കിവച്ച ശേഷമാണ് അദ്ദേഹം മടങ്ങുന്നത്. അതുപോലെ തന്നെ സോഷ്യലിസ്റ്റ് - ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം എന്നും നല്ല വഴികാട്ടിയായിരുന്നു. ശബ്ദം ഉയർത്തേണ്ട അവസരങ്ങളിലെല്ലാം അനീതിക്കും അധർമ്മത്തിനുമെതിരെ ധീരമായ നിലപാടെടുക്കുകയും നീതിക്കായി സന്ധിയില്ലാത്ത പോരാട്ടം നടത്തുകയും ചെയ്ത വീരേന്ദ്രകുമാറിന് സംസ്ഥാന രാഷ്ട്രീയത്തിൽ തികച്ചും വേറിട്ട ഒരു മുഖമാണുള്ളത്. എതിരാളികളെപ്പോലും സദാ ആകർഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിവൈശിഷ്ട്യം. ഏവർക്കും പ്രിയങ്കരനായി ആയുസിലുടനീളം ജീവിക്കുകയെന്നത് അധികമാർക്കും കഴിയുന്നതല്ല. എന്നാൽ വീരേന്ദ്രകുമാറിന് അതിനു കഴിഞ്ഞിരുന്നു. വിരുദ്ധ പക്ഷത്തെപ്പോലും തന്നിലേക്ക് അടുപ്പിക്കുന്ന ഒരു പ്രത്യേക സ്വഭാവ മഹിമ അദ്ദേഹത്തിൽ കുടികൊണ്ടിരുന്നു. തിരക്കേറിയ രാഷ്ട്രീയ പ്രവർത്തനത്തിനിടയിലും ഗഹനമായ വായനയ്ക്കും എഴുത്തിനും സമയം കണ്ടെത്തുക മാത്രമല്ല റെക്കാഡ് വായനക്കാരുള്ള അമൂല്യ ഗ്രന്ഥങ്ങൾ രചിക്കാനും അദ്ദേഹത്തിനു സാധിച്ചു. രാഷ്ട്രീയക്കാർക്കിടയിൽ ഇത്തരത്തിലൊരു അപൂർവ നേട്ടത്തിനുടമകളായി അധികം പേരില്ല. ഹൈമവതഭൂവിൽ, ആമസോണും കുറെ വ്യാകുലതകളും, ഡാന്യൂബ് സാക്ഷി, ബുദ്ധന്റെ ചിരി, രാമന്റെ ദുഃഖം തുടങ്ങി വ്യത്യസ്തത പുലർത്തുന്ന നിരവധി ഗ്രന്ഥങ്ങളിലൂടെ കടന്നുപോകുന്ന ആരും വീരേന്ദ്രകുമാർ എന്ന പ്രതിഭാധനനായ എഴുത്തുകാരനെ പ്രണമിച്ചുപോകും. സമ്പന്ന ജന്മി കുടുംബത്തിലെ അംഗമായിട്ടും സോഷ്യലിസ്റ്റ് ആശയങ്ങളോടായിരുന്നു ചെറുപ്പം മുതലേ അഭിനിവേശം. രാഷ്ട്രീയം എന്താണെന്ന് അറിയാത്ത പതിനഞ്ചാം വയസിൽ സോഷ്യലിസ്റ്റ് പാർട്ടി അംഗത്വം നേടാൻ വീരേന്ദ്രകുമാറിനു കഴിഞ്ഞു. സോഷ്യലിസ്റ്റ് ആചാര്യൻ ജയപ്രകാശ് നാരായണനിൽ നിന്നാണ് പാർട്ടി അംഗത്വം അദ്ദേഹം കൈനീട്ടി വാങ്ങിയതെന്ന പ്രത്യേകതയുണ്ട്. സോഷ്യലിസ്റ്റ് പാർട്ടി പിൽക്കാലത്ത് പല തുണ്ടുകളായി പിരിഞ്ഞപ്പോഴും മാതൃസംഘടനയുടെ തണലിൽത്തന്നെ നിൽക്കാനായിരുന്നു അദ്ദേഹത്തിന് താത്‌പര്യം. ഇടക്കാലത്ത് ഇടതുപക്ഷത്തുനിന്നു മാറി ഐക്യജനാധിപത്യ മുന്നണിക്കൊപ്പമെത്തിയെങ്കിലും അധികം വൈകാതെ അദ്ദേഹം മടങ്ങി ഇടതുപക്ഷത്തുതന്നെ എത്തി. എൽ.ഡി.എഫ് നോമിനിയായാണ് ഏറ്റവും ഒടുവിൽ അദ്ദേഹം രാജ്യസഭാംഗമായത്. ഇതിനു മുൻപ് 1987ൽ സംസ്ഥാന നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് നായനാർ മന്ത്രിസഭ അധികാരമേറ്റപ്പോൾ വീരേന്ദ്രകുമാറിനു മന്ത്രിപദവും ലഭിച്ചു. എന്നാൽ അധികാരമേറ്റ് 48 മണിക്കൂറേ അദ്ദേഹം മന്ത്രിയായി ഇരുന്നുള്ളൂ. കാട്ടിൽ നിന്നു മരം മുറിക്കുന്നത് വിലക്കിക്കൊണ്ടുള്ളതായിരുന്നു വനം മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ ഉത്തരവ്. സ്വാഭാവികമായും നിമിഷത്തിനകം ഈ ഉത്തരവ് വൻ വിവാദമായി. രണ്ടാമതൊന്ന് ആലോചിക്കാതെ രാജി എഴുതിക്കൊടുത്ത് വീരേന്ദ്രകുമാർ സ്വതന്ത്രനായി. പരിസ്ഥിതി പ്രശ്നത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം ഒരു കാലത്തും തയ്യാറായിരുന്നില്ല. പ്രകൃതിയെ പൂർണമായും കണ്ടറിഞ്ഞുള്ളതായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. വയനാട്ടിൽ വനത്തിന്റെ വശ്യസൗന്ദര്യം എക്കാലത്തും അദ്ദേഹത്തോടൊപ്പം തന്നെ ഉണ്ടായിരുന്നു. പ്രകൃതി സംരക്ഷണവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും അദ്ദേഹത്തിന്റെ ദൗർബല്യമായിരുന്നു എന്നു പറയാം. പ്രകൃതിക്കു കോട്ടം വരുന്ന നടപടി എവിടെ ഉണ്ടായാലും അതിനെതിരെ പോരാടാൻ അദ്ദേഹം എന്നും മുന്നിലുണ്ടാവുമായിരുന്നു. പ്ളാച്ചിമടയിൽ കുത്തക കമ്പനി ജലചൂഷണം നടത്തുന്നതിനെതിരെ മാസങ്ങളോളം പരിസ്ഥിതി പ്രവർത്തകർ നാട്ടുകാരോടൊപ്പം സമരം നടത്തി. അതിനു നേതൃത്വം നൽകാൻ വീരേന്ദ്രകുമാർ ഉണ്ടായിരുന്നു. കോള കമ്പനി പൂട്ടി സ്ഥലം വിടുന്നതുവരെ സമരം തുടർന്നു.
രണ്ടുവട്ടം ലോക്‌സഭാംഗമായ വീരേന്ദ്രകുമാർ കേന്ദ്രത്തിൽ മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. ആദ്യം ധനകാര്യമന്ത്രിയായും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായും. കേന്ദ്രത്തിലെ അക്കാലത്തെ രാഷ്ട്രീയാസ്ഥിരതയിൽ ദീർഘായുസില്ലാത്തതായിരുന്നു മന്ത്രിസ്ഥാനങ്ങൾ. 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടയ്ക്കപ്പെട്ട കോൺഗ്രസിതര കക്ഷിനേതാക്കളിൽ വീരേന്ദ്രകുമാറും ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ജയിലിൽ ഒപ്പമുണ്ടായിരുന്നു.
വ്യാപരിച്ച സർവ മേഖലകളിലും സ്വതസിദ്ധമായ കഴിവു തെളിയിച്ച വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാറിന്റേത്. ബിരുദാനന്തര ബിരുദവും അമേരിക്കയിൽ നിന്ന് അന്നത്തെ കാലത്ത് എം.ബി.എ ബിരുദവും നേടിയ വീരേന്ദ്രകുമാറിനെ കാത്ത് വൻകിട കമ്പനികൾ എത്ര വേണമെങ്കിലും ഉണ്ടായിരുന്നു. ഉയർന്ന ശമ്പളവും പത്രാസുമുള്ള ഉദ്യോഗത്തിനൊന്നും പോകാതെ രാഷ്ട്രീയത്തിന്റെ ഭാഗമാകാനായിരുന്നു അദ്ദേഹത്തിനു താത്‌പര്യം. ആരെയും വശീകരിക്കാനുള്ള പ്രഭാഷണ ചാതുരിയും രചനാ പാടവവും കൂടിയായപ്പോൾ കൈവച്ച മേഖലകളിലെല്ലാം അനന്യസാധാരണമായ മേൽക്കോയ്മ പുലർത്താനും അദ്ദേഹത്തിന് സാധിച്ചു. അയത്ന ലളിതമാണ് അദ്ദേഹത്തിന്റെ രചനാശൈലി. അനേകം പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. പുരസ്കാരങ്ങൾക്കെല്ലാമുപരി സഹൃദയരായ വായനക്കാരുടെ വൻ നിരകൾ വീരേന്ദ്രകുമാർ എന്ന മികവുറ്റ എഴുത്തുകാരനൊപ്പം എന്നും ഒപ്പമുണ്ടാകും.
'മാതൃഭൂമി" എന്ന പ്രസ്ഥാനത്തെ ഇന്നത്തെ നിലയിൽ വളർത്തിയെടുത്തതിന്റെ ഖ്യാതി വീരേന്ദ്രകുമാറിന് അവകാശപ്പെട്ടതാണ്. പത്രസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിരവധി സംഘടനകളിൽ ഭാരവാഹിത്വം വഹിച്ചിട്ടുള്ള വീരേന്ദ്രകുമാർ പത്രസ്വാതന്ത്ര്യത്തിനു ഭീഷണി ഉണ്ടായ ഘട്ടങ്ങളിലെല്ലാം മുൻനിര പോരാളിയുമായിരുന്നു. 'കേരളകൗമുദി"യുടെ ആദ്യം തൊട്ടേയുള്ള അഭ്യുദയകാംക്ഷിയും ഉറ്റ ബന്ധുവുമായിരുന്നു അദ്ദേഹം. 'മാതൃഭൂമി"യുടെ അമരക്കാരനായിരിക്കെ തന്നെ ഞങ്ങളുടെ ഓരോ വളർച്ചാസന്ധിയിലും ആശീർവദിക്കാനും പ്രോത്സാഹനം നൽകാനും അദ്ദേഹം എത്തുമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വേദനിക്കുന്ന സന്തപ്ത കുടുംബത്തോടൊപ്പം ഞങ്ങളും പങ്കുചേരുന്നു.