agafya-lykova

മോസ്കോ: കൊച്ചു കുട്ടികൾക്ക് പോലും ഇപ്പോൾ കൊറോണ വൈറസിനെ പരിചയമായി കഴിഞ്ഞു. ലോക ജനത മുഴുവൻ ഈ വൈറസിന്റെ ഭീതിയിലാണ് ഇന്ന്. എന്നാൽ ഈ വൈറസ് എന്താണന്നോ, ഇങ്ങനെയൊരു വൈറസ് ലോകത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്നതായോ ഒന്നും അറിയാതെ ഒരു സ്ത്രീ റഷ്യയിലെ സൈബീരിയൻ വനാന്തരങ്ങളിൽ ജീവിക്കുന്നുണ്ട്. അഗാഫിയ കാർപോവ്ന ലൈക്കോവ അഥവാ ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ത്രീ.

കഴിഞ്ഞ ഏപ്രിൽ മാസമാണ് അഗാഫിയ തന്റെ 76ാം ജന്മദിനം ആഘോഷിച്ചത്. സൈബീരിയൻ ടൈഗാ വനമേഖലയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ മരങ്ങളാൽ ചുറ്റപ്പെട്ട കാടിനു നടുവിൽ തന്റെ ചെറിയ വീട്ടിൽ തനിച്ചായിരുന്നു അഗാഫിയ. കൊറോണ വൈറസ് എന്ന ഭീകരൻ ലോകരാജ്യങ്ങളെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന വിവരം കാട്ടിൽ ഏകാന്തജീവിതം നയിക്കുന്ന അഗാഫിയ ഇതേവരെ അറിഞ്ഞിട്ടില്ല.

അഗാഫിയയുടെ കാര്യങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച കെമെറോവോ മേഖലയിലെ ഗവർണറുടെ ടീമിലെ അംഗങ്ങളും ഖാകാസ്കി നേച്ചർ റിസേർവിലെ ഫോറസ്റ്റ് റേഞ്ചർമാരും അടുത്തിടെ അഗാഫിയയെ സന്ദർശിച്ചിരുന്നു. അഗാഫിയയുടെ ആരോഗ്യനില പരിശോധിക്കാനായാണ് സംഘം എത്തിയത്. അടിയന്തര ഘട്ടങ്ങളിൽ എന്തെങ്കിലും സഹായം വേണമെങ്കിൽ അധികൃതരെ സമീപിക്കാനായി അഗാഫിയയ്ക്ക് ഒരു സാറ്റലൈറ്റ് ഫോൺ നൽകിയിട്ടുണ്ട്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്ന് പറഞ്ഞിരുന്നു.

agafya-lykova

എന്നാൽ കൊറോണ വൈറസിനെ പറ്റി ഒന്നും ചോദിച്ചതുമില്ല. അതോടെ അഗാഫിയ വൈറസിനെ പറ്റി ഇതേവരെ അറിഞ്ഞിട്ടില്ല എന്ന് ഉദ്യോഗസ്ഥർക്ക് മനസിലായി. അവർ അഗാഫിയയോട് വൈറസിനെ പറ്റി പറയാനും പോയില്ല. സൈബീരിയൻ വനാന്തരങ്ങളിൽ ഒറ്റയ്ക്ക് സ്വസ്ഥമായി ജീവിക്കുന്ന അഗാഫിയയോട് ഭീകരമായ ഒരു വൈറസിനെ പറ്റി പറഞ്ഞ് അവരെ ഭയപ്പെടുത്തേണ്ട എന്ന് ഉദ്യോഗസ്ഥർ തീരുമാനിച്ചു. ആധുനിക ലോകത്തെ പകർച്ചവ്യാധികളൊന്നും അഗാഫിയയെ ഇതേവരെ തൊട്ടിട്ടില്ല. കാടിനുള്ളിൽ അഗാഫിയ തീർത്തും സുരക്ഷിതയാണ്. അഗാഫിയയുടെ ആരോഗ്യം ശ്രദ്ധിക്കാനായി സർക്കാർ ഏർപ്പാടാക്കിയ ഉദ്യോഗസ്ഥർ വല്ലപ്പോഴും എത്തുന്നതൊഴിച്ചാൽ ഒരു മനുഷ്യജീവിയുമായും അഗാഫിയയ്ക്ക് അടുപ്പമില്ല! ഓരോ തവണയും ഉദ്യോഗസ്ഥർ എത്തുമ്പോൾ റഷ്യയുടെ പലഭാഗങ്ങളിൽ നിന്നും അഗാഫിയയ്ക്ക് നൽകാൻ കൊടുത്തു വിടുന്ന തുണികളോ ഭഷ്യവസ്തുക്കളോ ഉദ്യോഗസ്ഥരുടെ പക്കൽ കാണും.

തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സൈബീരിയയിലെ ടൈഗാ വനമേഖലയിലാണ് അഗാഫിയ ഒറ്റയ്‌ക്ക് ജീവിച്ചത്. 1944ലാണ് കാർപ് ഓസിപോവിച്ച് ലൈക്കോവിന്റെയും അകുലിനയുടെയും നാല് മക്കളിൽ ഏറ്റവും ഇളയതായി അഗാഫിയ ജനിച്ചത്. 1936 മുതൽ തുടർച്ചയായ 40 വർഷത്തോളം ഒരൊറ്റ മനുഷ്യരുമായി ബന്ധമില്ലാതെയാണ് ലൈക്കോവ് കുടുംബം ജീവിച്ചത്. റഷ്യയിൽ ബോൾഷെവിക്കുകളുടെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടതോടെ കാർപ്പ് ലൈക്കോവും ഭാര്യയും മക്കളായ സാവിൻ, നതാലിയ എന്നിവർക്കൊപ്പം ജനവാസമില്ലാത്ത ഒരു പ്രദേശത്തേക്ക് ഒളിച്ചോടുകയായിരുന്നു. സമുദ്രനിരപ്പിൽ നിന്നും 3,444 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അബാക്കൻ മലനിരകളിലാണ് ലൈക്കോവ് കുടുംബം എത്തിപ്പെട്ടത്. മനുഷ്യവാസമുള്ള പ്രദേശത്ത് നിന്നും 240 കിലോമീറ്റർ അകലെയാണ് ഇവിടം. ഏകാന്തവാസത്തിനിടെയാണ് ലൈക്കോവ് ദമ്പതികൾക്ക് ദിമിത്രി എന്ന മകനും അഗാഫിയയും ജനിച്ചത്.

agafya-lykova

1978ൽ ഒരു ഭൂമിശാസ്ത്ര സംഘവുമായി പറന്ന ഹെലികോപ്ടറിന്റെ പൈലറ്റാണ് ഒറ്റപ്പെട്ട് ജീവിക്കുന്ന ലൈക്കോവ് കുടുംബത്തെ കണ്ടെത്തിയത്. എന്നാൽ, മനുഷ്യവാസ പ്രദേശത്തേക്ക് പോകാൻ അവർ വിസമ്മതിച്ചു. ചാക്കുകൊണ്ടുണ്ടാക്കിയ വസ്ത്രമായിരുന്നു അവർ ധരിച്ചിരുന്നത്. 1936ന് ശേഷം റഷ്യയിൽ എന്ത് നടന്നു എന്നൊന്നും ലൈക്കോവ് കുടുംബത്തിന് യാതൊരു അറിവുമില്ലായിരുന്നു.

1961ൽ അഗാഫിയയുടെ അമ്മ അകുലിന മരിച്ചു. അഗാഫിയയുടെ മൂന്ന് സഹോദരങ്ങളും 1981ൽ മരിച്ചു. 1988ൽ പിതാവ് കാർപ്പും മരിച്ചതോടെ അഗാഫിയ തനിച്ചായി. ഒറ്റയ്ക്കായിട്ടും നാട്ടിലേക്ക് മടങ്ങാൻ അഗാഫിയ തയാറായില്ല. ഖാകാസിയയിലുള്ള വെസ്റ്റേൺ സയാൻ മലനിരകളിലാണ് അഗാഫിയ ഇപ്പോൾ കഴിയുന്നത്.

agafya-lykova

35 വയസുവരെ അഗാഫിയയ്ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അച്ഛൻ പറഞ്ഞ കഥകളും റഷ്യൻ ഓർത്തഡോക്സ് ബൈബിളും മാത്രമാണ് അഗാഫിയ്‌ക്ക് അറിയാമായിരുന്നത്. 70 വർഷത്തെ ഏകാന്തവാസത്തിനിടെ ആറ് തവണ മാത്രമാണ് അഗാഫിയ പുറംലോകം കണ്ടത്. 80കൾക്ക് ശേഷമായിരുന്നു അത്.