q

പാലക്കാട്: ജില്ലയിലേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിൽ പലരും ക്വാറന്റൈൻ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ്. രണ്ട് ദിവസങ്ങൾക്കകം അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതോടെ ഹോം ക്വാറന്റൈനിലുള്ളവർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

വീടുകൾ കയറിയിറങ്ങിയുളള പരിശോധന പൂർണമായി ഫലപ്രദമാകില്ലെന്നും, വേണ്ടത് സ്വയം തിരിച്ചറിവാണെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ പതിനാല് ദിവസം റൂം ക്വാറന്റൈനിൽ കഴിയണമെങ്കിലും പലരും അതിന് തയ്യാറാകുന്നില്ലെന്നാണ് വിലയിരുത്തൽ. വീടുവിട്ടിറങ്ങുന്നില്ലെങ്കിലും കുടുംബാംഗങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്നുണ്ട്.കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കടമ്പഴിപ്പുറം സ്വദേശിയായ റേഷൻ കടയുടമക്ക് രോഗം വന്നത് ചെന്നൈയിൽ നിന്ന് വന്നയാളുമായുള്ള സമ്പർക്കത്തെ തുടർന്നാണ്. ഇയാൾക്ക് മെയ് 23 ന് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇയാൾ ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയതാണ് റേഷൻ കടയുടമയുമായി സമ്പർക്കത്തിൽ വരാൻ കാരണം.