utra-murder-case-

തിരുവനന്തപുരം: അഞ്ചലിൽ പാമ്പ് കടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളും നിർണായകമാകും. കിടപ്പുമുറിയിൽ രാത്രിയിൽ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതിനും സൂരജ് കടിപ്പിച്ചെന്നതിനും സാക്ഷികളുടെ സാന്നിദ്ധ്യം ഇല്ലാത്ത സാഹചര്യത്തിൽ സംഭവത്തിലും അതിന്റെ ആസൂത്രണത്തിലും സൂരജിനുള്ള പങ്കും ഉത്രയുടെ മരണശേഷം സൂരജിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്നുണ്ടായ നീക്കങ്ങളും വള്ളിപുള്ളിവിടാതെ കേസിൽ കോ‌ർത്തിണക്കുകയാണ് അന്വേഷണ സംഘത്തിന്റെ ഇനിയുള്ള ലക്ഷ്യം. സംസ്ഥാന പൊലീസിന്റെ ചരിത്രത്തിൽ കൂടത്തായി പോലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിലൊന്നായാണ് ഉത്രയുടെ കൊലപാതകത്തെ പൊലീസുദ്യോഗസ്ഥ‌ർ കരുതുന്നത്. പാമ്പുകടിമരണമായി എഴുതിത്തള്ളുമായിരുന്ന കേസിൽ പരാതി ലഭിച്ച് നാലാം ദിവസം സത്യം കണ്ടെത്താൻ കഴിഞ്ഞ പൊലീസിന് ,​തങ്ങളുടെ കണ്ടെത്തൽ കോടതിക്ക് മുന്നിൽ സംശയാതീതമായി തെളിയിക്കപ്പെടുകയെന്നതാണ് മുന്നിലുള്ള വെല്ലുവിളി. ദൃക്സാക്ഷികളുടെ കുറവ് സാഹചര്യതെളിവുകളിലൂടെയും സംഭവത്തിന് മുമ്പ് ഇരുവർക്കുമിടയിലുണ്ടായ ദാമ്പത്യ- കുടുംബപ്രശ്നങ്ങളിലൂടെയും മറികടക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാൽ കേസിൽ സാഹചര്യത്തെളിവുകളെ കൂടുതൽ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.

മകളുടെ മരണത്തിലെ ദുരൂഹത കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മെയ്‌ 18നാണ്‌ അച്ഛൻ വിജയസേനൻ റൂറൽ ജില്ലാ പൊലീസ്‌ മേധാവി എസ്‌. ഹരിശങ്കറിന്‌ പരാതി നൽകിയത്. അഞ്ചൽ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടാണ് ജില്ലാ പൊലീസ് മേധാവിയെ വീട്ടുകാ‌ർ സമീപിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സൂരജിന്റെ ഫോൺ അക്കൗണ്ടുകൾ വഴിനടത്തിയ പ്രാഥമിക അന്വേഷണത്തിൽ സൂരജ്‌ സ്ഥിരമായി പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകൾ ഗൂഗിളിൽ തെരഞ്ഞതിന്റെ തെളിവ് ലഭിച്ചതോടെ അന്വേഷണം സൂരജിൽ കേന്ദ്രീകരിക്കുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ തുടക്കം മുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും കാമറകളിൽ ചിത്രീകരിച്ചതും വിചാരണവേളയിൽ പൊലീസിന് സഹായകമാകും. കേസിന്റെ ഓരോ ഘട്ടത്തിലും സൂരജ് മൊഴികൾ മാറ്റുന്നതും തെളിവുകൾ നിരത്തി ചോദ്യം ചെയ്യുമ്പോൾ ഗത്യന്തരമില്ലാതെ തെറ്റുകൾ സമ്മതിക്കുന്നതും കാമറ ഒപ്പിയെടുത്തിട്ടുണ്ട്.

സൂരജിനെ ആദ്യം ചോദ്യംചെയ്‌തപ്പോൾ കുറ്റം സമ്മതിച്ചിരുന്നില്ല. വന്യജീവികളോട് വെറുപ്പാണെന്നായിരുന്നു ആദ്യമൊഴി. പാമ്പുപിടിത്തക്കാരൻ സുരേഷുമായി പൊലീസ് എത്തിയപ്പോൾ വീണ്ടും മൊഴിമാറ്റി. മാർച്ച്‌ രണ്ടിന്‌ രാത്രി 12.45ന്‌ ഉത്രയ്‌ക്ക്‌ പാമ്പ്‌ കടിയേറ്റെന്ന്‌ നൽകിയ മൊഴിയും ചോദ്യം ചെയ്യലിൽ തിരുത്തേണ്ടി വന്നു.

എങ്കിൽ ആശുപത്രിയിൽ എത്തിക്കാൻ പുലർച്ചെ മൂന്നരവരെ എന്തിന്‌ കാത്തുവെന്നതിന്‌‌ മറുപടി ഉണ്ടായില്ല. കാൽമണിക്കൂറുകൊണ്ട്‌ നടന്നെത്താവുന്ന സ്ഥലമാണിത്‌. പിന്നീട്‌ ഉത്രയുടെ സഹോദരന്‌ പങ്കുണ്ടെന്ന്‌ ആരോപിച്ചു. അതും പൊളിഞ്ഞു. ഇതെല്ലാം ആദ്യവസാനം കാമറ റെക്കാഡായി പൊലീസിന് മുന്നിലുണ്ട്. സൈബർ വിദഗ്ദ്ധനെ കൂടി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി ഫോൺ,​ ഇന്റർനെറ്റ് അക്കൗണ്ട് എന്നിവ മുഖാന്തിരം തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട് . പ്രതിയുടെ ഗൂഗിൾ അക്കൗണ്ടുകൾ സൈബർ വിദഗ്ദന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് പാമ്പുകളെ ഉപയോഗിച്ചുള്ള വിവിധ പരീക്ഷണങ്ങളും അവയെ പ്രകോപിപ്പിക്കാനുള്ള വിദ്യകളും വരുതിയിലാക്കാനുള്ള തന്ത്രങ്ങളും തെരഞ്ഞത് വെളിപ്പെട്ടത്.

പൊലീസ് തനിക്കുനേരെ തിരിഞ്ഞതോടെ അഭിഭാഷകന്റെ സഹായം സൂരജ്‌ തേടിയിരുന്നു. ഇയാളുടെ നിർദേശപ്രകാരമാണ്‌ ആദ്യം കുറ്റം ഏൽക്കാതിരുന്നത്‌. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സംരക്ഷണയിൽ പലയിടത്തായി ഒളിവിൽ കഴിഞ്ഞു. ഒരു രാത്രി മുഴുവൻ പൊലീസിനെ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ നാലിന് സഹോദരിയുടെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് പിടികൂടിയത്. പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ തന്നെ സഹോദരി പ്രതിയെ അറിയിച്ചിരുന്നു. വാട്സാപ്, ബോട്ടിം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് വിവരം കൈമാറിയത്.

ഇന്റർനെറ്റ് കോളും ഉപയോഗിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും പ്രതിയെ സഹായിച്ചുവെന്നതിനുള്ള തെളിവുകളായി ഇവ പൊലീസിന് ഉപയോഗപ്പെടുത്താം. അതിസമർത്ഥമായി ആസൂത്രണം ചെയ്ത കൊലപാതകം പരാതി ലഭിച്ച് നാലാം ദിവസം തെളിയിക്കാനും പ്രതിയെയും സഹായിയേയും പിടികൂടാനും സാധിച്ച പൊലീസിന് നിയമത്തിന് മുന്നിൽ നിന്ന് സൂരജിന് ഊരിപ്പോകാനാതാകാത്ത വിധം പഴുതടച്ച് അന്വേഷണം പൂർത്തിയാക്കുകയെന്നതാണ് ഇനിയുള്ള ദൗത്യം. ഉത്രയെ ചികിത്സിച്ച ഡോക്ടർമാർ,​ ഫോറൻസിക് വിദഗ്ദ്ധർ‌,​ വിഷ ചികിത്സയിൽ വൈദഗ്ദ്ധ്യം നേടിയവർ,​ ഫോറസ്റ്റ് ഉദ്യോഗസ്ഥ‌ർ,​ സൂരജിന്റെയും ഉത്രയുടെയും ബന്ധുക്കൾ,​ സുഹൃത്തുക്കൾ തുടങ്ങിയ സാക്ഷികളിലൂടെയും രേഖകൾ ഉൾപ്പെടെയുള്ള മറ്റ് തെളിവുകളിലൂടെയും സത്യം കോടതിയെ ബോദ്ധ്യപ്പെടുത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ഗ്രേഡ്‌ എസ്‌.ഐമാരായ എ.അബ്ദു‌ൽ സലാം, ആർ. മുരുകൻ, ആർ.ശിവശങ്കരപ്പിള്ള, സജി ജോൺ, അജയകുമാർ, രാധാകൃഷ്‌ണപിള്ള, ‌‌ഗ്രേഡ്‌ എ.എസ്‌.ഐമാരായ ആഷിർകോഹൂർ, സി.മനോജ്‌കുമാർ, നിക്‌സൺ ചാൾസ്‌, സി.പി.ഒമാരായ മഹേഷ്‌മോഹൻ, അഖിൽപ്രസാദ്‌, എസ്‌.സജിന എന്നിവരടങ്ങുന്നതാണ്‌ അന്വേഷകസംഘം.