തിരുവനന്തപുരം: പൂർത്തിയാക്കിയ ഓട നിർമ്മാണത്തിന്റെ പേരിൽ റോഡരികിലെ കട പൊളിച്ചുമാറ്രാൻ ശ്രമിച്ചതിൽ വ്യാപക പ്രതിഷേധം. പരുത്തിപ്പാറ - മുട്ടട റോഡിൽ 28 വർഷമായി സ്ഥിതിചെയ്യുന്ന ഹരികുമാറിന്റെ ഉടമസ്ഥതയിലുള്ള മിൽമ ബൂത്താണ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചു നീക്കാനെത്തിയത്. വില്പനയ്ക്കെത്തിച്ചിരുന്ന 700 കവർ പാലടക്കം മാറ്റി കട പൊളിക്കാനുള്ള നീക്കം നാട്ടുകാരും സമീപത്തെ കടയുടമകളും ചേർന്ന് തടയുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് ബദൽ മാർഗം കണ്ടെത്താൻ 10 ദിവസത്തെ സാവകാശം അനുവദിച്ചു. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്. മിൽമ ബൂത്തിനൊപ്പം രണ്ടു കടകൾ കൂടി പൊളിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനു മുന്നോടിയായി കടയിലെ വെെദ്യുതി, ഫോൺ കണക്ഷനുകൾ കട്ട് ചെയ്‌തു. നിർമ്മാണം തടസപ്പെടുത്തിയെന്ന് അറിയിച്ച് 25നാണ് കട പൊളിക്കണമെന്ന നോട്ടീസ് ഉടമയ്ക്ക് ലഭിച്ചത്. ഭാര്യയും വിദ്യാർത്ഥികളായ രണ്ടു മക്കളുമടങ്ങുന്ന ഹരികുമാറിന്റെ കുടുംബത്തിന്റെ ഏക ഉപജീവന മാർഗമാണ് ഇൗ ബൂത്ത്. സ്ട്രോക്കിനെ തുടർന്ന് ഹരികുമാർ ചികിത്സയിലായതോടെ ഡിഗ്രി കഴിഞ്ഞ മകനാണ് കട നോക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് കട പൊളിച്ചു കഴിഞ്ഞാൽ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയുമില്ലെന്നാണ് കുടുംബം പറയുന്നത്. ബന്ധപ്പെട്ടവർ ഇടപെട്ട് ബദൽ മാർഗം ഒരുക്കുന്നതിന് സഹായിക്കണമെന്നും ഹരികുമാർ പറഞ്ഞു.