തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പനയ്ക്ക് ബെവ്ക്യൂ ആപ്പ് തുടരും. എക്സൈസ് മന്ത്രി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മദ്യവിൽപനയ്ക്കുള്ള ടോക്കൺ വിതരണം പരാജയപ്പെട്ടെങ്കിലും ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു.
ആപ്പിലെ ചെറിയ ചില പോരായ്മകൾ പരിഹരിച്ചാൽ പ്രവർത്തസജ്ജമാകുമെന്ന ഐ.ടി വിദഗ്ദ്ധരുടെ അഭിപ്രായം പരിഗണിച്ചാണ് ബെവ്ക്യൂ ആപ്പുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്. ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്നു വൈകിട്ടോടെ പരിഹരിക്കണമെന്ന് എക്സൈസ് മന്ത്രി യോഗത്തിൽ നിർദേശിച്ചു.
ആപ്പിൻ്റെ പ്രവർത്തം ഐ.ടി സെക്രട്ടറി എം.ശിവശങ്കറും സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ സജി ഗോപീനാഥും നേരിട്ട് പരിശോധിക്കാനും യോഗത്തിൽ ധാരണയായി. കൊച്ചി ആസ്ഥാനമായ ഫെയർകോഡ് എന്ന ഐടി സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ആപ്പിൻ്റെ നിർമ്മാതാക്കൾ.
അതേസമയം തുടർച്ചയായി രണ്ടാം ദിവസവും ആപ്പ് നിശ്ചലയമാതോടെ സംസ്ഥാനത്ത് പലയിടത്തും ടോക്കണില്ലാതെ സ്വകാര്യ ബാറുകൾ മദ്യം വിതരണം ചെയ്തു.പലർക്കും ഇപ്പോഴും ആർക്കും ആപ്പ് കിട്ടുന്നില്ല. ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ് ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത് ഫെയർകോഡ് അധികൃതർ ഒരു വിശദീകരണത്തിനും തയ്യാറാകാതെ ഓഫീസും അടച്ചിരുന്നു.