വെഞ്ഞാറമൂട്: വാമനപുരം സ്കൂൾ ജംഗ്ഷന് സമീപം കാറുകൾ കൂടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്. ബൊലേറോ കാർ യാത്രികരായ വാമനപുരം മുല്ലമംഗലത്ത് വീട്ടിൽ കുമാർ (46), മകൾ കൃഷ്ണവേണി ( 9 ), വാഗണർ യാത്രികരായ കല്ലറ പാട്ടറ സജിന മൻസിലിൽ സലിം (60), ഭാര്യ മാജിത (52), മകൾ സജിന (32) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 നായിരുന്നു അപകടം.കാരേറ്റ് ഭാഗത്തു നിന്നെത്തി സ്കൂൾ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബോലേറൊയും വെഞ്ഞാറമൂട് ഭാഗത്തു നിന്നു വരികയായിരുന്ന വാഗണർ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ റോഡിൽ കുരുങ്ങി കിടന്നത് ഗതാഗത തടസമുണ്ടാക്കി. ആറ്റിങ്ങൽ ഫയർ ഫോഴ്സ് എത്തി വാഹനങ്ങൾ മാറ്റി റോഡ് ക്ലീൻ ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.