കടയ്ക്കാവൂർ: അനാഥയും വൃദ്ധയുമായ പ്രഭാവതി അടച്ചുറപ്പുള്ള വീടില്ലാതെ കഷ്ടപ്പെടുന്നു. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് പുത്തൻവിള കോളനിയിൽ വിധവയായ പ്രഭാവതി(65)യാണ് അടച്ചുറപ്പില്ലാതെ ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ ദുരിതം പേറി കഴിയുന്നത്. ഭർത്താവും ഏകമകൾ രമയും നേരത്തെ മരിച്ചതോടെ തനിച്ചയാതാണ് പ്രഭാവതി.
പല തവണ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലും ബ്ളോക്ക് പഞ്ചായത്തിലും ബ്ളോക്ക് പട്ടികജാതി വികസന ഓഫീസിലും വീടിനായി അപേക്ഷ സമർപ്പിച്ചെങ്കിലും നാളിതുവരെ ഈ വൃദ്ധയ്ക്ക് വീട് ലഭിച്ചിട്ടില്ല. പലതവണ വാർഡ് മെമ്പറോട് കേണപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ നാലാം വാർഡിലെ പുത്തൻവിള കോളനി അടക്കം പല കോളനികളിലും താമസയോഗ്യമായ വീടുകൾ നിർമ്മിച്ച് നൽകിയിട്ടും ഈ പാവത്തിന് ഒരു വീട് നൽകാൻ പഞ്ചായത്ത് അധികാരികളോ ഭരണസമിതിയോ വാർഡ് മെമ്പറോ കരുണ കാണിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഭവന നിർമ്മാണത്തിന് അപേക്ഷ നൽകിയാലും ലിസ്റ്റ് വരുമ്പോൾ പ്രഭാവതിയുടെ പേര് അർഹത ഇല്ലാത്തവരുടെ ലിസ്റ്റിലാണ്. ഇനിയെങ്കിലും പ്രഭാവതിയുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനും അപകടസ്ഥിതിയിൽ നിൽക്കുന്ന ഈ വീടിന് കാലവർഷം തുടങ്ങുന്നതിന് മുൻപ് അടിയന്തര നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.