pukasa

തിരുവനന്തപുരം: കൊവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യസംഘം തൃശൂർ ജില്ലാകമ്മിറ്റിയുടെ പേരിൽ ഇറക്കിയ ഹ്രസ്വചിത്രത്തെ ചൊല്ലി വിവാദം. വർഗീയതയുടെയും പിന്തിരിപ്പൻ ആശയങ്ങളുടെയും ഉറഞ്ഞുതുള്ളലാണ് ഹ്രസ്വചിത്രത്തിലെന്ന ആക്ഷേപം സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞതോടെ ചിത്രത്തെ തള്ളിപ്പറഞ്ഞ് പു.ക.സ ജില്ലാകമ്മിറ്റി തന്നെ രംഗത്തെത്തി.

തൃശൂർ ജില്ലാകമ്മിറ്റിയും തൃശൂർ നാടക സൗഹൃദവും ചേർന്ന് തയാറാക്കിയ 'തീണ്ടാപ്പാടകലെ" എന്ന ഹ്രസ്വചിത്രത്തിന്റെ പേരും ഉള്ളടക്കവും പു.ക.സ ഉയർത്തിപ്പിടിക്കുന്ന പുരോഗമന രാഷ്ട്രീയത്തെ പാടേ തമസ്കരിക്കുന്നതാണെന്ന ആക്ഷേപമാണുയരുന്നത്. വിവാദമായതോടെ പു.ക.സയുടെ ബാനർ ഉപയോഗിച്ച് ചിത്രം പ്രദർശിപ്പിച്ചതിൽ ഖേദിക്കുന്നതായി ജില്ലാ നേതൃത്വം അറിയിച്ചു. സംഘത്തിന്റെ പ്ലാറ്റ്ഫോമുകളിൽ ഇനി പ്രദർശിപ്പിക്കില്ല.

പു.ക.സ സംസ്ഥാന ഭാരവാഹി രാവുണ്ണിയടക്കം മൂന്ന് പേരാണ് ഹ്രസ്വചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. എം.ആർ. ബാലചന്ദ്രനാണ് സംവിധായകൻ. സവർണൻ- അവർണൻ ദ്വന്തങ്ങൾ, തിരുമേനിയെന്ന സംബോധന, കൊറോണ വൈറസിനെ സൃഷ്ടിച്ചതും ദൈവമെന്ന ഡയലോഗ്, അവർണന് ശുദ്ധിബോധമോ അറിവോ ഇല്ലെന്ന് പ്രഖ്യാപിക്കൽ തുടങ്ങി ചിത്രം മുന്നോട്ട് വയ്ക്കുന്നതൊന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേർന്നതല്ലെന്നാണ് വാദം.

ശബരിമല യുവതീപ്രവേശന വിവാദത്തെ തുടർന്ന് നവോത്ഥാന മൂല്യസംരക്ഷണ സമിതി രൂപീകരിച്ച് മുന്നോട്ടു പോകുന്ന സർക്കാരിന്റെ ഭാഗമായി നിൽക്കേണ്ട പു.ക.സയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന വിമർശനം ഇടതുകേന്ദ്രങ്ങളിലുമുയരുന്നു.

ചിത്രം പറയുന്നത്

ബ്രേക്ക് ദ ചെയിൻ പ്രചാരണത്തിന്റെ ഭാഗമായാണ് ഹ്രസ്വചിത്രമെടുത്തിരിക്കുന്നത്. അമ്പലക്കുളത്തിൽ നിന്ന് കുളിച്ചുവരുന്ന തിരുമേനി ക്ഷേത്രനടയിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ കടന്നുവന്ന അയ്യപ്പൻ എന്ന അധസ്ഥിതനും തൊട്ടടുത്ത് നിന്ന് പ്രാർത്ഥിച്ച് തുടങ്ങുന്നു. ഉടനെ തിരുമേനി മറുവശത്തേക്ക് മാറുന്നു. അയിത്തവും തീണ്ടലും തൊടീലും നമ്മുടെ നാട്ടീന്ന് പോയത് തിരുമേനി അറിഞ്ഞീലാന്നുണ്ടോയെന്ന് അയ്യപ്പൻ ചോദിക്കുന്നു. അയിത്തം അയ്യപ്പനോടല്ല, കൊറോണയോടാണെന്ന് തിരുമേനി. ദൈവത്തിന് മുന്നിലെന്ത് കൊറോണയെന്ന് അയ്യപ്പൻ. തന്നെയും എന്നെയും കൊറോണയെയും സൃഷ്ടിച്ചത് ദൈവമെന്ന് തിരുമേനി. കൊറോണക്കാലം കഴിഞ്ഞ് ജാതിഭേദമില്ലാതെ ഒരുമിച്ച് നിന്ന് തൊഴാമെന്ന തിരുമേനിയുടെ ഡയലോഗിന് ശേഷം പൂജാരി വന്ന് പ്രസാദത്തിന് പകരം ഇലയിൽ മാസ്ക് നൽകുന്നു.

' സംഘത്തിന്റെ നിലപാടുകൾക്ക് വിരുദ്ധമായ സന്ദേശമാണ് തീണ്ടാപ്പാടകലെ നൽകുന്നതെന്ന അഭിപ്രായത്തെ മാനിക്കുന്നു. ചിത്രം സംഘത്തിന്റെ ബാനറിൽ പ്രദർശിപ്പിച്ചതിൽ ഖേദിക്കുന്നു.'

- പു.ക.സ തൃശൂർ ജില്ലാ കമ്മിറ്റി

' ചിത്രവുമായി ബംന്ധപ്പെട്ട സംവാദങ്ങളെ പോസിറ്റീവായി കാണുന്നു. സംഘം നടത്തിയ പ്രവർത്തനത്തിന്റെ സദ്ഫലമായി അതിനെ കണക്കാക്കുന്നു. അഭിമാനത്തോടെ സ്വീകരിക്കുന്നു'

- അശോകൻ ചരുവിൽ, ജനറൽസെക്രട്ടറി പു.ക.സ