ലണ്ടൻ: രണ്ടാം ലോകമഹായുദ്ധകാലത്ത് ഫ്രാൻസിൽ നടന്ന ഡൺകിർക്ക് യുദ്ധത്തിനിടെ കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനികൻ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്റെ അമ്മയ്ക്കയച്ച കത്ത് ഒടുവിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൈകളിലെത്തി. നീണ്ട 80 വർഷങ്ങൾക്ക് ശേഷം . !
1040 മേയ് 26നാണ് 30 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഹാരി കോൾ എന്ന സൈനികൻ തന്റെ അമ്മ റോസയ്ക്കായി കത്തെഴുതിയത്. യുദ്ധം അവസാനിക്കുമെന്നും തങ്ങൾ വിജയിക്കുമെന്നും ഉടൻ മടങ്ങിയെത്താനാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ച് കൊണ്ടുള്ള ഒരു കത്തായിരുന്നു അത്. തന്റെ സുഹൃത്ത് മരണപ്പെട്ടതിനെ പറ്റി കത്തിൽ വിവരിച്ച ഹാരി തന്നെ പറ്റി അമ്മയ്ക്ക് ആശങ്ക വേണ്ട എന്നും താൻ അതിജീവിക്കുമെന്നും കുറിച്ചിരുന്നു. എന്നാൽ വിധി ഹാരിയ്ക്ക് എതിരായിരുന്നു. കത്തെഴുതി മൂന്നാം നാൾ ബെൽജിയത്തിൽ വച്ച് ഹാരി വെടിയേറ്റ് മരിച്ചു. സഫോക്ക് റെജിമെന്റിന്റെ ഒന്നാം ബറ്റാലിയനിലെ അംഗമായ ഹാരി ബ്രിട്ടീഷ് എക്സ്പിഡൈഷണറി ഫോഴ്സിന് വേണ്ടി യുദ്ധമുഖത്ത് സേവനമനുഷ്ഠിക്കവെയാണ് ദുരന്തം തേടിയെത്തിയത്.
യുദ്ധത്തിനിടെ ജർമൻ സൈന്യത്തിന്റെ മിന്നലാക്രമണത്തെ തുടർന്ന് ബ്രിട്ടീഷ് സൈന്യത്തെ ഡൺകിർക്കിലെ ബീച്ചുകളിൽ നിന്നും ഒഴിപ്പിക്കുന്നതിനിടെ ഹാരിയുടെ കത്ത് നഷ്ടപ്പെട്ടു. പിന്നീട് ഈ കത്ത് ഒരു ജർമൻ സൈനികന്റെ കൈയ്യിൽ എത്തിപ്പെടുകയും അയാൾ അത് സൂക്ഷിച്ചു വയ്ക്കുകയുമായിരുന്നു. അങ്ങനെ 80 വർഷങ്ങൾക്ക് ശേഷം ആ കത്ത് ഇംഗ്ലണ്ടിലെ സഫോക്കിലുള്ള വുഡ്ബ്രിഡ്ജിന് അടുത്തുള്ള ഹാസ്കെറ്റൻ ഗ്രാമത്തിലെ ഹാരിയുടെ കുടുംബ വീട്ടിലെത്തി.
മകന്റെ അവസാനത്തെ കത്ത് കാണാൻ ആ അമ്മ ഇന്ന് വീട്ടിലില്ല. വർഷങ്ങൾക്ക് മുമ്പ് തന്നെ അവർ മരിച്ചു. എന്നാൽ ഹാരിയുടെ ഇളയ സഹോദരൻ 87 കാരനായ ക്ലെമ്മി ഇപ്പോഴും ഈ വീട്ടിലാണ് താമസം. തൊട്ടടുത്ത് തന്നെ മറ്റൊരു സഹോദരനായ 89 കാരൻ ഡേറികും താമസിക്കുന്നുണ്ട്. അപ്രതീക്ഷിതമായെത്തിയ ഹാരിയുടെ കത്തും അതിലെ വാചകങ്ങളു ഈസഹോദരൻമാരുടെ കണ്ണ് നനയിച്ചു.
ഹാരി ഉൾപ്പെടുന്ന ഒന്നാം ബറ്റാലിയനിൽ നിന്നും ഇത്തരത്തിലുള്ള 50 കത്തുകൾ അന്ന് മേലുദ്യോഗസ്ഥർക്ക് സമർപ്പിച്ചിരുന്നു. സൈനിക രഹസ്യങ്ങളൊന്നും കത്തിൽ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമേ അധികൃതർ ഈ കത്തുകൾ അയയ്ക്കുകയുള്ളു. ബ്രിട്ടീഷ് സേന പിൻവാങ്ങുന്നതിനിടെ ഈ കത്തുകൾ നിറഞ്ഞ ട്രക്ക് ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇതിൽ നിന്നുമാണ് ഹാരിയുടെ കത്ത് ഉൾപ്പെടെയുള്ളവ ഒരു ജർമൻ സൈനികന്റെ കൈകളിലെത്തിയത്. 1968 വരെ അയാൾ ഈ കത്തുകൾ സൂക്ഷിച്ചു. പിന്നീട് ബോണിലെ ബ്രിട്ടീഷ് എംബസിയ്ക്ക് കൈമാറി. എംബസി 1969ൽ ഈ കത്തുകൾ ബെറി സെന്റ് എഡ്മണ്ടിലുള്ള സഫോക്ക് റെജിമെന്റ് അസോസിയേഷനിലേക്ക് അയച്ചു. അന്ന് മുതൽ കത്തുകളുടെ സ്വീകർത്താവിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥർ. ഒമ്പതെണ്ണം കൃത്യമായി സൈനികരുടെ കുടുംബാംഗങ്ങൾക്ക് കൈമാറാൻ സാധിച്ചു.
എന്നാൽ ബാക്കി 41 എണ്ണം സ്വീകർത്താക്കളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ചരിത്ര രേഖകളായി സൂക്ഷിച്ചു വരികയായിരുന്നു. ഈ വർഷം ആദ്യമാണ് ചില ഗവേഷകർ ചേർന്ന് ഈ കത്തുകൾ വീണ്ടും പുറംലോകത്തെത്തിക്കാൻ ശ്രമം തുടങ്ങിയത്. കത്തുകൾ വച്ച് ഒരു പ്രദർശനം സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. ഇതിനിടെ പെൻസിൽ കൊണ്ട് എഴുതിയ ഹാരിയുടെ കത്ത് ഗവേഷക കൗൺസിൽ അംഗമായ ഹെയ്ദി ഹ്യൂഗ്സിന്റെ ശ്രദ്ധയിൽപ്പെട്ടു. ഹാരിയുടെ ഹാസ്കെറ്റൻ ഗ്രാമം തന്നെയായിരുന്നു ഹെയ്ദിയുടെ സ്വദേശവും. കത്തിൽ പരാമർശിച്ചിരുന്ന ക്ലെമ്മി കോൾ ( ഹാരിയുടെ സഹോദരൻ ) എന്ന പേരുള്ള ഒരു വ്യക്തിയെ ഹെയ്ദിയ്ക്ക് അറിയാമായിരുന്നു. തുടർന്ന് ഹെയ്ദി നടത്തിയ അന്വേഷണത്തിൽ താൻ അറിയുന്ന ക്ലെമ്മി തന്നെയാണ് ഹാരിയുടെ സഹോദരൻ എന്ന് ഹെയ്ദി തിരിച്ചറിയുകയായിരുന്നു. 1940ൽ താൻ സ്കൂളിൽ നിന്നും മടങ്ങിയെത്തിയപ്പോൾ ഹാരിയെ യുദ്ധമുഖത്ത് കാണാതായെന്നറിയിച്ചു കൊണ്ടുള്ള ടെലിഗ്രാം സന്ദേശം വായിച്ച് പൊട്ടിക്കരയുന്ന തന്റെ അമ്മയുടെ രൂപം ഇപ്പോഴും മനസസിലുണ്ടെന്ന് കാർപെന്ററായിരുന്ന ക്ലെമ്മി പറയുന്നു. 1958ൽ 69ാം വയസിലാണ് ഹാരിയുടെ അമ്മ റോസ കോൾ മരിച്ചത്. ഏഴു മക്കളിൽ മൂത്തവനായിരുന്ന ഹാരി സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷമാണ് ആർമിയിലെത്തിയത്. ഇന്ത്യയിലായിരുന്നു ആദ്യ പോസ്റ്റിംഗ്. എന്നാൽ യുദ്ധം തുടങ്ങിയതോടെ ഡൺകിർക്കിലേക്ക് അയയ്ക്കുകയായിരുന്നു.