*മഹാമാരിയെ മോദി സർക്കാർ ഫലപ്രദമായി നേരിട്ടു
കൊവിഡ് ഉയർത്തുന്ന കനത്ത വെല്ലുവിളികളുടെ നടുവിലാണ് കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്നത്. സാധാരണഗതിയിൽ ആഘോഷങ്ങളുടെ സന്ദർഭമാവേണ്ട വേള. സ്ഥിതിഗതികൾ ഇന്ന് വ്യത്യസ്തമാണ്.എങ്കിലും, ഈ മഹാമാരിയുടെ കാര്യത്തിൽ ലോകത്തെ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിൽ സ്ഥിതിഗതികൾ താരതമ്യേന മെച്ചപ്പെട്ടതാണെന്ന് ആശ്വസിക്കാം.
അമേരിക്ക, ചൈന ,റഷ്യ,ജർമ്മനി, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളെല്ലാം കൊവിഡിന്റെ നീരാളിപ്പിടിത്തത്തിലാണ്. ലോകത്താകമാനം 5.69 ദശലക്ഷം പേർക്കാണ് കൊവിഡ് പിടിപെട്ടത്. 3.6 ലക്ഷം പേർ മരണത്തിന് കീഴടങ്ങി . അമേരിക്കയിൽ മാത്രം 17.4 ലക്ഷം കേസുകൾ .ഒരു ലക്ഷത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ബ്രസീലിൽ 4.15 ലക്ഷം പേർ രോഗബാധിതരായി 25,000 പേരുടെ ജീവനാണ്
പൊലിഞ്ഞത് . എന്നാൽ ,ഇന്ത്യയിൽ കൃത്യസമയത്ത് ലോക്ക് ഡൗൺ പ്രഖ്യാപനവും, പരമാവധി കൊവിഡ് ടെസ്റ്റും വഴി നരേന്ദ്രമോദി സർക്കാരിന് ഈ പ്രതിസന്ധിയെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞു
ജനങ്ങളുടെ സഹകരണവും പിന്തുണയും ,സർക്കാർ യന്ത്രത്തിന്റെ ചലനാത്മകതയുമാണ് ഇതു സാദ്ധ്യമാക്കിയത്.
മഹത്തായ ദൗത്യം
ചൈനയിലെ വുഹാനിൽ കഴിഞ്ഞ ഡിസംബറിൽ കൊവിഡ് വാപിച്ചുതുടങ്ങിയപ്പോഴേ നാം ജാഗരൂകരായിരുന്നു. ഡിസംബർ 21 ന് ചെെനയിൽ നിന്നുള്ള യാത്രികരെ വിമാനത്താവളങ്ങളിൽ തെർമൽ സ്കാനിംഗ് വിധേയരാക്കി. ജനുവരി 30ന് കേരളത്തിൽ കൊവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ നിരീക്ഷണം വർദ്ധിപ്പിച്ചു. വീട്ടിലിരിക്കാനുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയെ ജനങ്ങൾ സർവാത്മനാ സ്വീകരിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കായി മേയ് 27 വരെ റെയിൽവേ 3500 ശ്രമിക് ട്രെയിനുകളാണ് ഓടിച്ചത്. 48 ലക്ഷം പേരെയാണ് ഇതുവഴി സ്വന്തം വീട്ടിലെത്തിച്ചത്. ഇതോടൊപ്പം, വന്ദേഭാരത് മിഷൻ വഴി 34 വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരെ നാട്ടിലെത്തിച്ചു. അടുത്ത ഘട്ടത്തിൽ ഒരു ലക്ഷം പേരെയാണ് കൊണ്ടു വരുന്നത്. ലോകത്ത് മറ്റൊരു രാജ്യവും ഇത്രയും വലിയ ദൗത്യം ഏറ്റെടുത്തിട്ടില്ല.
പാവങ്ങളുടെ കണ്ണീരൊപ്പി
ലോക്ക് ഡൗൺ കാലത്ത് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്ന് ചെറുകിട നാമമാത്ര കർഷകർക്ക് 2000 രൂപ വീതം നേരിട്ട് നൽകിയതും പ്രത്യേക സാമ്പത്തിക പാക്കേജും സർക്കാരിന്റെ ജനാനുകൂല സമീപനത്തിന് തെളിവാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കാൻ ഇരുപതിനായിരം കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.ഇന്ത്യയിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ പ്രതിദിനം രണ്ട് ലക്ഷം വീതം പി.പി.ഇ കിറ്റുകളും , എൻ.95 മാസ്കുകളും നിർമ്മിക്കുന്നുണ്ട്. കൊവിഡ് വാക്സിൻ നിർമ്മിക്കാനുള്ള കഠിന ശ്രമവും നമ്മുടെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നടത്തുന്നു. ഈ നിശ്ചയദാർഡ്യം മോദി സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. "അന്ത്യോദയ"യിലൂടെ, ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഫലം പാവപ്പെട്ടവർക്കും ദുർബലജനവിഭാഗങ്ങൾക്കും ഉറപ്പാക്കി.
ഇച്ഛാശക്തി,സാമൂഹ്യനീതി
കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് നീക്കം ചെയ്തതും പൗരത്വനിയമ ഭേദഗതിയും സർക്കാരിന്റെ ഇച്ഛാശക്തിയാണ് പ്രകടമാക്കുന്നത്. സുപ്രീംകോടതി വിധിയെ തുടർന്ന് അയോദ്ധ്യയിലെ രാമജന്മഭൂമി പ്രശ്നം ശാശ്വതമായി പരിഹരിക്കാനും സർക്കാരിന് സാധിച്ചു. മുത്തലാക്ക് നിരോധിച്ചതിലൂടെ സാമൂഹ്യനീതിക്ക് വേണ്ടിയുള്ള മുസ്ലീം സ്ത്രീകളുടെ നിരന്തരമായ ആവശ്യം സർക്കാർ അംഗീകരിച്ചു..
. കുടിയേറ്റ തൊളിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഗൾഫ് മേഖലയിലെ ഭരണാധികാരികളുമായി നല്ലബന്ധം സൃഷ്ടിക്കാ ൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ഇ- മൈഗ്രന്റ് സിസ്റ്റവും ,യു.എഇ.യിലെ ഹുമൺ റിസോഴ്സ് ആന്റ് എമിററ്രൈസേഷനും (മൊഹർ) യോജിപ്പിക്കാനുള്ള നിർദ്ദേശം അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ അവതരിപ്പിച്ചു.
രണ്ടാം മോദി സർക്കാരിനെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ജനത വീക്ഷിക്കുന്നത്. നാടിന്റെ ആന്തരികവും വൈദേശികവുമായ വെല്ലുവിളികളെ നേരിടാൻ ഈ സർക്കാരിന് കരുത്തുണ്ട്. ജനങ്ങളുടെ വിശ്വാസവും അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനുള്ള കരുത്തുമാണ് മോദി സർക്കാരിന്റെ കൈമുതൽ
( കേന്ദ്ര വിദേശകാര്യ,പാർലമെന്ററി കാര്യ സഹമന്ത്രിയാണ് ലേഖകൻ)