തിരുവനന്തപുരം: 73ൽ സംസ്ഥാനത്ത് രൂപം കൊണ്ട ആദ്യ ഇടതുമുന്നണിയിൽ 1974 മുതൽ 79വരെ കൺവീനർ സ്ഥാനത്തിരുന്ന സി.പി.എം ഇതര നേതാവാണ് എം.പി. വീരേന്ദ്രകുമാർ. സി.പി.എമ്മും സോഷ്യലിസ്റ്റ് പാർട്ടിയും മാത്രമുള്ള മുന്നണി. സോഷ്യലിസ്റ്റ് പാർട്ടിയുടെ പി. വിശ്വംഭരൻ ഒരു വർഷം കൺവീനറായ ശേഷം വീരേന്ദ്രകുമാറിനായി നിയോഗം.
അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പ്, കോൺഗ്രസിന്റെ മുതലാളിത്ത നയത്തിനെതിരായ പ്രതിപക്ഷ ഐക്യനിരയെന്ന ലക്ഷ്യത്തോടെയാണ് മുന്നണി രൂപീകരിച്ചത്. തൊട്ടടുത്ത വർഷം സോഷ്യലിസ്റ്റ് പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജിതനായ വിശ്വംഭരൻ ധാർമ്മിക ഉത്തരവാദിത്വമേറ്റ് കൺവീനർ സ്ഥാനമൊഴിയുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ഇടതുകൺവീനർ സ്ഥാനത്ത് ചരിത്രം വീരേന്ദ്രകുമാറിനെ അങ്ങനെ പ്രതിഷ്ഠിച്ചു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം സോഷ്യലിസ്റ്റുകളും സംഘടനാ കോൺഗ്രസുകാരും ജനസംഘവും ഒന്നിച്ച് ജനതാ പാർട്ടിയായപ്പോൾ ഇടതുമുന്നണിയിൽ നിന്ന് മാറേണ്ടിവന്നു. ജനസംഘത്തെയും കൂട്ടി മുന്നണിയിൽ പറ്റില്ലെന്ന് ഇ.എം.എസ് നിലപാടെടുക്കുകയായിരുന്നു. കോൺഗ്രസും സി.പി.ഐയും ആർ.എസ്.പിയും മാണിയും ബാലകൃഷ്ണപിള്ളയുമെല്ലാമുള്ള ഐക്യമുന്നണിയുമായി ജനതാപാർട്ടി ധാരണയുണ്ടാക്കി അക്കൊല്ലത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. താമസിയാതെ ജനതാപാർട്ടിയിൽ ഭിന്നിപ്പ് രൂക്ഷമായി. ഒരു വിഭാഗം ഇടതിനൊപ്പം.
78ലെ ഭട്ടിൻഡ പാർട്ടി കോൺഗ്രസിലെ ആഹ്വാനമനുസരിച്ച് വിശാല ഇടത് ഐക്യത്തിനായി നിലകൊണ്ട സി.പി.ഐയും സി.പി.എമ്മും ആർ.എസ്.പിയുമുള്ള ഇടതു മുന്നണി വരുന്നത് 1980ൽ. മാണിയും കോൺഗ്രസ്-യുവുമുണ്ടായിരുന്നു സഖ്യത്തിൽ.
82ൽ ജനത പിളർന്നു. അരങ്ങിൽ ശ്രീധരന്റെ നേതൃത്വത്തിൽ വീരേന്ദ്രകുമാറും മറ്റും ഇടതു മുന്നണിയിൽ. യു.ഡി.എഫിനൊപ്പം ചേർന്ന കമലം ജനതക്കാർ ക്രമേണ കോൺഗ്രസിലായി.
1987ൽ അധികാരമേറ്റ നായനാർ മന്ത്രിസഭയിൽ 48 മണിക്കൂർ വനംമന്ത്രി കസേരയിലിരിക്കാനായിരുന്നു വീരേന്ദ്രകുമാറിന് നിയോഗം. വനങ്ങളിലെ മരം മുറിക്കരുതെന്ന ഉത്തരവും നിയമസഭാ കക്ഷിയോഗം ചേരാതെ മന്ത്രിയെ നിശ്ചയിച്ചെന്ന പാർട്ടിക്കുള്ളിലെ ആക്ഷേപവും അദ്ദേഹത്തിന്റെ രാജിയിൽ കലാശിച്ചു.
ബാബ്റി മസ്ജിദ് തകർത്തതിനും ആഗോളവത്കരണത്തിനും എതിരായ ഇടതു പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളിൽ വീരേന്ദ്രകുമാറും സ്ഥാനം പിടിച്ചു. ഗാട്ടും കാണാച്ചരടും രചിച്ചു. പ്ലാച്ചിമടയിലെ കൊക്കകോള വിരുദ്ധ സമരത്തിനും മുന്നിലുണ്ടായി.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പെത്തുമ്പോൾ സി.പി.എമ്മിൽ ഉൾപ്പാർട്ടി കലഹം ശക്തം. ലാവ്‌ലിൻ കേസിൽ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാനനുവദിക്കാൻ ഗവർണറോട് ആവശ്യപ്പെടണമെന്ന തർക്കം ചൂടുപിടിച്ചു. വി.എസ് അനുകൂല ചേരിയെ വീരേന്ദ്രകുമാർ വിഭാഗം തുണയ്ക്കുന്നെന്ന പ്രചാരണം മറുഭാഗത്തുണ്ടായി.
മണ്ഡല പുനർവിഭജന ശേഷമുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീരന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോടിന്റെ ഘടനാമാറ്റം ചൂണ്ടിക്കാട്ടി സി.പി.എം സീറ്റ് നിഷേധിച്ചു. കല്പറ്റ ഉൾപ്പെട്ടതിനാലാണ് 2004ൽ കോഴിക്കോട് അനുവദിച്ചതെന്നും എന്നാൽ, ഇപ്പോൾ കല്പറ്റ വയനാട് സീറ്റിന്റെ ഭാഗമായതിനാൽ അതു നൽകാമെന്നുമുള്ള വാഗ്ദാനം വീരന് സ്വീകാര്യമായില്ല. പ്രതിഷേധിച്ച് മന്ത്രിസഭയിൽ നിന്നുള്ള മാത്യു.ടി.തോമസിന്റെ രാജിയുണ്ടായി.
മുന്നണി യോഗത്തിന് ശേഷം വീരേന്ദ്രകുമാറും കെ.കൃഷ്ണൻകുട്ടിയും വറുഗീസ് ജോർജും കെ.പി. മോഹനനും പുറത്തിറങ്ങിയത് വിങ്ങുന്ന മുഖത്തോടെ. പിറ്റേന്ന് ഒത്തുതീർപ്പ് ചർച്ചയ്ക്ക് സി.പി.എം ക്ഷണിച്ചെങ്കിലും മാനസികമായി വീരേന്ദ്രകുമാർ അകന്നുകഴിഞ്ഞിരുന്നു.
യു.ഡി.എഫിലേക്ക് ചേക്കേറാനുള്ള അവരുടെ നീക്കത്തെ മാത്യു.ടി.തോമസ് അനുകൂലികൾ എതിർത്തു. ദേവഗൗഡയ്ക്കൊപ്പം ജനതാദൾ-എസ് സംസ്ഥാന ഘടകമായി അവർ ഇടതിലുറച്ചു. വീരേന്ദ്രകുമാർ വിഭാഗം സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് രൂപീകരിച്ച് യു.ഡി.എഫിലായി.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റിൽ മത്സരിച്ചപ്പോൾ മുന്നണിക്കുള്ളിൽ നിന്നുതന്നെ വീരേന്ദ്രകുമാറിന് തിരിച്ചടി കിട്ടി. പാലക്കാട് തോൽവി പഠിച്ച യു.ഡി.എഫ് സമിതിയുടെ റിപ്പോർട്ടിൽ നടപടിയുണ്ടാകാതെ വന്നപ്പോൾ വീണ്ടും ഇടതു ചേരിയിലെത്താൻ വീരേന്ദ്രകുമാറിന്റെ മനസ് വെമ്പി. ചിന്ത പബ്ലിക്കേഴ്സ് അദ്ദേഹത്തിന്റെ പുതിയ പുസ്തകം പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് പ്രകാശിപ്പിച്ചു. ആ സംഗമം ഇടതുപക്ഷത്തേക്കുള്ള മടങ്ങിവരവിനാണ് വഴിവച്ചത്.