പാലോട്: കനത്ത മഴയിൽ നന്ദിയോട് പഞ്ചായത്തിലെ മെമ്പർമാരുടെ ഓഫീസ് കെട്ടിടത്തിന്റെ സീലിംഗ് തകർന്നു. ഈ സമയം ഓഫീസിലുണ്ടായിരുന്ന മെമ്പർമാരായ പച്ച രവി, നന്ദിയോട് സതീശൻ എന്നിവർക്ക് പരിക്കേറ്റു. രവിയുടെ തലയിലും സതീശന്റെ ദേഹത്തുമാണ് സീലിംഗ് വീണത്. മെമ്പർമാരായ ദീപാ ജോസും ഷീലാ മധുകുമാറും ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ട് വർഷം മുമ്പാണ് 10 ലക്ഷം രൂപ ചെലവഴിച്ച് ഫ്രണ്ട് ഓഫീസും മെമ്പർമാരുടെ ഓഫീസും കെട്ടിയത്. കെട്ടിട നിർമ്മാണത്തിലെ അപാകതയെക്കുറിച്ച് അന്നേ പരാതി ഉയർന്നിരുന്നു. ഇന്നലെ പെയ്‌ത മഴയിൽ പഞ്ചായത്ത് ഓഫീസിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് ജീവനക്കാരും മെമ്പർമാരും ചേർന്ന് ഫയലുകളും കമ്പ്യൂട്ടറുകളും സുരക്ഷിതമായി മാറ്റി. കെട്ടിട നിർമ്മാണത്തിലെ അപാകതകളെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.