എറണാകുളം: കള്ളപ്പണക്കേസ് പരാതി നൽകിയ ഗിരീഷ് ബാബു രണ്ട് വട്ടം വീട്ടിൽ വന്ന് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. കള്ളപ്പണക്കേസില്‍ പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയും കൈക്കൂലി വാഗ്ദാനം ചെയ്തെന്നുമുള്ള ഗിരീഷ് ബാബു നൽകിയ പരാതിയിൽ വിജിലൻസ് ചോദ്യം ചെയ്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പരാതിക്കാരനായ ഗിരീഷ് ബാബു ഏപ്രിൽ 21 നും മെയ് രണ്ടിനും വീട്ടിലെത്തിയെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പത്ത് ലക്ഷം രൂപ കൊടുത്താൽ പരാതി പിൻവലിക്കുമെന്നും ഭാവിയിൽ ഉപദ്രവിക്കില്ലെന്നുമായിരുന്നു വാഗ്ദാനം. തനിക്കെതിരെ നടക്കുന്നത് ബ്ലാക് മെയിലിംഗാണ്.
പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളല്ല പരാതിക്ക് പിന്നിലുള്ളത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് പരാതി നൽകാൻ ആർക്കും സാധിക്കും. പരാതിക്കാരനായ ഗിരീഷ് ബാബു സ്ഥിരമായി പരാതി നൽകുകയും ഒത്തുതീർപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന ആളാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇയാൾ നൽകിയ പരാതികളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യൽ നടന്നത്.