
കല്ലമ്പലം: സംസ്ഥാന മുൻ വോളിബാൾ താരവും എൻജിനീയറും ജീവകാരുണ്യ പ്രവർത്തകനുമായ പള്ളിക്കൽ ഇടയില വീട്ടിൽ എസ്.എച്ച് നാസിമുദ്ദീൻ (71) ദുബായിൽ നിര്യാതനായി. കൊവിഡ് ചികിത്സയിലായിരുന്നെങ്കിലും രണ്ടാഴ്ച മുമ്പ് രോഗ മുക്തനായിരുന്നു. ഹൃദയ സംബന്ധമായ അസുഖവും ന്യുമോണിയയുമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.കൊല്ലം ടി.കെ.എം കോളേജിൽ നിന്ന് എൻജിനീയറിംഗ് ബിരുദം നേടിയ നാസിമുദ്ദീൻ 1969-71 കാലയളവിൽ കേരള വോളിബാൾ ടീമിൽ അംഗമായിരുന്നു. പള്ളിക്കൽ മേഖലയിൽ വോളിബാൾ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.പള്ളിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു.കെ.എം ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് ആംബുലൻസ് വാങ്ങി നൽകിയതും ഇദ്ദേഹമായിരുന്നു.47 വർഷമായി അബുദാബിയിലെ റാപ്കോ കമ്പനി ജനറൽ മാനേജരായിരുന്നു.
ഭാര്യ: റസീയ. മക്കൾ: നിമി, നിജി, നിസി . മരുമക്കൾ: സജീർ, ഡോ.ശ്യാംലാൽ, നഹാസ് (മൂവരും ദുബായിൽ).