വെള്ളറട: കന്യാകുമാരി ജില്ലയിൽ കൊവിഡ് പോസിറ്റീവ് വ്യാപകമായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതിർത്തിയിലെ കുന്നത്തുകാൽ, വെള്ളറട, അമ്പൂരി, പഞ്ചായത്തുകളിൽ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ യോഗങ്ങൾ ചേർന്നു. സാമൂഹ്യ അകലം ജനങ്ങൾ പാലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്തു. അതിർത്തിയോട് ചേർന്നുള്ള രണ്ടു സ്ഥലങ്ങളിലായി കഴിഞ്ഞദിവസം അഞ്ച് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിർത്തി ചെക്കുപോസ്റ്റുകളിൽ നേരത്തേ വരുത്തിയിരുന്ന ഇളവുകളെല്ലാം റദ്ദാക്കി റോഡുകൾ പൂർണമായും അടച്ചിരിക്കുകയാണ്. സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ കവലകളിലും മാർക്കറ്റുകളിലും ജനത്തിരക്ക് വർദ്ധിച്ചിട്ടുണ്ട്. പൊലീസിന്റെ പരിശോധനയിൽ അയവു വന്നതോടെ ഇരുചക്രവാഹനങ്ങളിൽ മാസ്ക് ധരിക്കാതെ എത്തുന്നവരും ധാരാളമാണ്. ജനങ്ങൾ സാമൂഹ്യ അകലം പാലിച്ചില്ലെങ്കിൽ ലോക്ക് ഡൗൺ കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ലെന്ന് ഉന്നതതല യോഗം വിലയിരുത്തി. സി.കെ.ഹരീന്ദ്രൻ എം.എൽ.എയും വെള്ളറട സി.ഐ ശ്രീകുമാർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജന പ്രതിനിധികൾ എന്നിവർ യോഗങ്ങളിൽ പങ്കെടുത്തു.