pic

തിരുവനന്തപുരം: അധികാരത്തിൻ്റെ അഹങ്കാരത്തിൽ സി.പി.എം നേതാക്കൾ പൊലീസ് സ്റ്റേഷനുകൾ കയ്യടക്കുകയും പോലീസുകാരെ ഭീഷണിപ്പെടുത്തി നിയമവാഴ്ച അട്ടിമറിക്കുകയും ചെയ്യുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.സി.പി.എം നേതാക്കളിൽ നിന്ന് കേരളത്തിലെ പൊലീസിന് സംരക്ഷണം കൊടുക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം സി.പി.എം നേതാക്കൾ കടന്നു കയറി പോലീസുകാരെ വീടുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവം കേരളം എത്രത്തോളം അരാജകത്വത്തിലായെന്നതിന്റെ തെളിവാണ്. നിയമം തെറ്റിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ വാഹനം പൊലീസ് പിടിച്ചതായിരുന്നു പ്രകോപനം. നേതാക്കളുടെ ഭീഷണിക്കു മുന്നിൽ തലകുനിച്ച് നിസ്സഹായരായി നിൽക്കുന്ന പൊലീസിനെയാണ് കാണാനായത്.

സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പീരുമേട് ഏരിയ സെക്രട്ടറിയുമാണ് പോലീസുകാരെ ഭീഷണിപ്പെടുത്തിയതെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ 'നിന്ന് വ്യക്തമാണ്. പോലീസിനാകെ അപമാനം വരുത്തിയ ഈ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും തയാറായിട്ടില്ല. സി.പി.എമ്മുകാർ ശാരീരികമായി കൈകാര്യം ചെയ്യുമെന്നും സർക്കാരിൽ നിന്ന് സംരക്ഷണം ലഭിക്കില്ലന്നുമുള്ള ഭയം മൂലമാണ് പൊലീസ് കേസെടുക്കാത്തത്.

ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും നിയമവാഴ്ച സംരക്ഷിക്കപ്പെടണം. അതിനനുവദിക്കാത്ത സിപിഎം നേതാക്കൾക്കെതിരെ കർശന നടപടികളുണ്ടാകണം. പൊലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പ്രതികളെ സംരക്ഷികുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.