തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ലെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തീരുമാനം വന്ന ശേഷമേ തീയതി തീരുമാനക്കൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. എന്നാൽ, ജൂൺ ഒന്നിന് തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. സർക്കാർ നിർദേശം വരുംവരെ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്കൂളിലെത്തേണ്ട.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ ടെലികോൺഫറൻസിലാണ് തീരുമാനം. കെ.ഇ.ആർ അനുസരിച്ചുള്ള ആറാം പ്രവൃത്തിദിന കണക്കെടുപ്പ്, നിയമനങ്ങൾ എന്നിവ സർക്കാർ തീരുമാനം വന്ന ശേഷമേ ഉണ്ടാകൂ.
യോഗത്തിൽ അദ്ധ്യാപക സംഘടനാ നേതാക്കളായ അബ്ദുള്ള വാവൂർ, വി.കെ.അജിത്കുമാർ, കെ.സി.ഹരികൃഷ്ണൻ, എൻ.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
നെറ്റ് ഇല്ലാത്തവർക്ക്
ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കായി വായനശാലകൾ, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കും.
വിക്ടേഴ്സിൽ ക്ളാസ്
ജൂൺ ഒന്ന് മുതൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെയാണ് ക്ലാസ്. ഓരോ വിഷയത്തിനും പ്രൈമറിക്ക് അര മണിക്കൂറും ഹൈസ്‌കൂളിന് ഒരു മണിക്കൂറും ഹയർ സെക്കൻഡറിക്ക് ഒന്നര മണിക്കൂറും ദൈർഘ്യമുള്ള പാഠങ്ങൾ.
എസ്.എൽ.എസ്.സി
മൂല്യനിർണയം ഒന്നു മുതൽ
എസ്.എൽ.എസ്.സി രണ്ടാംഘട്ട മൂല്യനിർണയം ജൂൺ ഒന്നിന് ആരംഭിക്കും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഭാഷാ വിഷയങ്ങൾ എന്നിവയാണ് ശേഷിക്കുന്നത്. എല്ലാ ജില്ലയിലും മൂല്യനിർണയ കേന്ദ്രങ്ങൾ അനുവദിക്കും. ഭാഷാ വിഷയങ്ങൾക്ക് കൂടുതൽ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. അറബിക് - ആറ്റിങ്ങൽ, ഉർദു -തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ. നോർത്ത് സോണിലെ അദ്ധ്യാപകർ അറബിക് വിഷയത്തിന് കോഴിക്കോടുള്ള കേന്ദ്രത്തിലെത്തണം.