bob-weighton

ലണ്ടൻ : ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷൻ എന്ന റെക്കോർഡിനുടമയായ ബോബ് വെയ്റ്റൺ അന്തരിച്ചു. 112 വയസായിരുന്നു. ഇന്നലെയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. എൻജിനിയറും അദ്ധ്യാപകനുമായിരുന്ന ബോബ് അവസാന നാൾ വരെ ആരുടെയും സഹായമില്ലാതെയാണ് ജീവിച്ചത്.

കാൻസർ ബാധിതനായിരുന്ന ബോബ് തെക്കൻ ഇംഗ്ലണ്ടിലെ ഹാംഷെയറിലുള്ള വസതിയിൽ വച്ച് ഉറക്കത്തിലാണ് മരിച്ചത്. 1908 മാർച്ച് 29ന് വടക്കൻ ഇംഗ്ലണ്ടിലെ യോക്ക്ഷെയറിലാണ് ബോബിന്റെ ജനനം. ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷനായിരുന്ന ജപ്പാന്റെ ചിറ്റേറ്റ്സു വാറ്റാനാബേ ഫെബ്രുവരി 23ന് മരിച്ചതോടെയാണ് ബോബ് ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷനായി മാറിയത്. ചിറ്റേറ്റ്സു വാറ്റാനാബേ മരിക്കുമ്പോൾ 112 വയസും 355 ദിവസവും പിന്നിട്ടിരുന്നു.

രാഷ്ട്രീയം, ദൈവശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം തുടങ്ങിയവയിൽ തത്പരനായിരുന്നു ബോബ്. വീടിനുള്ളിൽ തന്നെയുള്ള ചെറിയ വർക്ക്ഷോപ്പിൽ താൻ നിർമിക്കുന്ന ഫർണീച്ചറുകളും മറ്റും വിറ്റ് കിട്ടുന്ന പണം ബോബ് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നു. മറൈൻ എൻജിനിയറിംഗ് പഠിച്ച ശേഷം തായ്‌വാനിലെത്തിയ ബോബ് അവിടെ രണ്ട് വർഷം മിഷണറിയായി പ്രവർത്തിക്കുകയും മാൻഡറിൻ ഭാഷ പഠിക്കുകയും ചെയ്തു. 1937ൽ ആഗ്നസ് എന്ന സഹ അദ്ധ്യാപികയെ വിവാഹം കഴിച്ച ബോബ് ഇംഗ്ലണ്ടിൽ തിരിച്ചെത്തി. രണ്ടാം ലോകമഹായുദ്ധക്കാലത്ത് കാനഡയിലേക്ക് പോയ ബോബും കുടുംബവും പിന്നീട് യു.എസിലെ കണക്ടിക്കട്ടിലേക്ക് താമസം മാറി. അവിടെ ഒരു വിമാന നിർമാണ ഫാക്ടറിയിൽ ബോബ് ജോലി ചെയ്തു. 1945നും ശേഷം ബോബും കുടുംബവും ഇംഗ്ലണ്ടിൽ തിരിച്ചെത്തി. പിന്നീട് ലണ്ടൻ സിറ്റി യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനായി. 1995ൽ ആഗ്നസ് മരിച്ചു. ഡേവിഡ്, ഡൊറോത്തി എന്നീ രണ്ട് മക്കളാണ് ബോബ് - ആഗ്നസ് ദമ്പതികൾക്കുള്ളത്. 10 പേരക്കുട്ടികളും അവരുടെ മക്കളായി 25 കുട്ടികളുമുണ്ട്. ഗിന്നസ് റെക്കോർഡ് പ്രകാരം ലോകത്തെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ജപ്പാൻകാരിയായ കെയ്ൻ ടനാക ആണ്. കഴി‌ഞ്ഞ ജനുവരിയിൽ കെയ്ൻ 117ാം പിറന്നാൾ ആഘോഷിച്ചിരുന്നു.