കുഴിത്തുറ: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ, വിമാനം വഴി കേരളത്തിലെത്തിയ ശേഷം നാട്ടിലേക്ക് തിരിച്ച തമിഴ്നാട് സ്വദേശികളെ ഇ പാസ് ഇല്ലാത്ത കാരണത്താൽ കളിയിക്കാവിള ചെക്ക്‌പോസ്റ്റിൽ വീണ്ടും തടഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ബംഗളൂരു, മഹാരാഷ്ട്ര, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നെത്തിയ 57 പേർക്കാണ് ഈ ദുരനുഭവം. തമിഴ്നാട് സർക്കാരിന്റെ വാഹനമോ ഉദ്യോഗസ്ഥരോ എത്താത്തതിനെ തുടർന്ന് കേരള സർക്കാർ കെ.എസ്.ആർ.ടി.സി ബസുകളിലും ടാക്‌സികളിലുമാണ് ഇവരെ കളിയിക്കാവിള ചെക്‌പോസ്റ്റിലെത്തിച്ചത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസുകാരും ഇ പാസ് ഇല്ലാത്തതിനാൽ ഇവരെ തടയുകയായിരുന്നു. എന്നാൽ ഇവർ പാസിന് അപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവർക്ക് വെള്ളമോ ഭക്ഷണമോ അധികൃതർ നൽകിയതുമില്ല. കുട്ടികകളും ഗർഭിണികളും ഉൾപ്പെടെയുള്ളവർ രാത്രി മുഴുവൻ റോഡരികിലാണ് കിടന്നുറങ്ങിയത്. ഇന്നലെ ഉച്ചയ്‌ക്ക് സ്ഥലത്തെത്തിയ തക്കല ഡി.എസ്.പി രാമചന്ദ്രൻ ഇവർക്ക് ഭക്ഷണം വാങ്ങി കൊടുക്കുകയും വൈകിട്ടോടെ ഇവരുടെ സ്രവ സാമ്പിളുകളെടുത്ത ശേഷം കന്യാകുമാരി ലോഡ്‌ജിൽ ക്വാറന്റൈനിലാക്കുകയും ചെയ്തു. എന്നാൽ തമിഴ്നാട് സർക്കാരിനെ അറിയിക്കാതെ തമിഴ്നാട് സ്വദേശികളെ വഴിയിൽ ഇറക്കിവിടുകയാണെന്നും ഇത്തരം സംഭവം ആവർത്തിച്ചാൽ ഇഞ്ചിവിളയിൽ സമരം ചെയ്യുമെന്നും വിജയധരണി എം.എൽ.എ പറഞ്ഞു.