തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നാല്പത്തിയാറാമത് ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ജൂൺ ഒന്ന് തിങ്കളാഴ്ച രാവിലെ ചുമതലയേൽക്കും. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് അദ്ദേഹത്തിന് അധികാരം കൈമാറും. 31 ഞായറാഴ്ചയായതിനാലാണ് സ്ഥാനമേറ്റെടുക്കുന്നത് ഒന്നാം തീയതിയിലേക്ക് മാറ്റിയത്.
രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്ത 1986 ബാച്ചിൽപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിനുള്ള യാത്രഅയപ്പ് ചടങ്ങ് ഇന്ന് വൈകിട്ട് സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടക്കും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടോം ജോസിന് ഉപഹാരം നൽകും. മന്ത്രിമാരും ഏതാനും സെക്രട്ടറിമാരും പങ്കെടുക്കും. സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ക്ഷണമില്ല.