തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. 2.81 കോടി പുസ്തകങ്ങളാണ് സംസ്ഥാനത്തെ 3293 സ്‌കൂൾ സൊസൈറ്റികൾ വഴി വിതരണം ചെയ്യുന്നത്. ഇതിൽ ഒന്ന് മുതൽ 7 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങൾ സൊസൈറ്റികൾക്കു വിതരണം ചെയ്തു തുടങ്ങി. പാഠപുസ്തകങ്ങൾ കൈപ്പറ്റിയ സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾ വഴി പുസ്തകങ്ങൾ കൈമാറണം. നിലവിലെ സാഹചര്യത്തിൽ പുസ്തകങ്ങൾ കൈപ്പറ്റാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വീടുകളിൽ എത്തിക്കുന്നതിനുള്ള നടപടിയും വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. ഇതുവരെ 11 ലക്ഷം പാഠപുസ്തകങ്ങൾ സ്‌കൂൾ സൊസൈറ്റികളിൽ എത്തിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.