വിതുര: ഇന്നലെ ഉച്ചക്ക് തിമിർത്തു പെയ്ത പേമാരിയും ശക്തമായ കാറ്റും ഇടിമിന്നലും വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ കനത്ത നാശനഷ്ടം വിതച്ചു. രണ്ടു പഞ്ചായത്തുകളിലുമായി നൂറോളം വീടുകളിൽ വെള്ളം കയറി. വിതുര ശിവൻ കോവിൽ ജംഗ്ഷൻ, തള്ളച്ചിറ, മേമല, മക്കി, ചായം, ചെറ്റച്ചൽ, മലയടി, തച്ചൻകോട്, തൊളിക്കോട് ആടാംമൂഴി, പൊൻപാറ മേഖലകളിലെ വീടുകളിലാണ് വെള്ളം കയറിയത്. തള്ളച്ചിറ മേഖലയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ അമ്പതോളം വീടുകളിൽ വെള്ളം കയറി. ശിവൻ കോവിൽ ജംഗ്ഷനിലെ തോട് കരകവിഞ്ഞൊഴുകയും പൊന്മുടി റോഡിൽ വെള്ളം നിറയുകയും ചെയ്തു. ഇതോടെ ജംഗ്‌ഷൻ മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി. പൊന്മുടി വിതുര റൂട്ടിൽ ഗതാഗത തടസപ്പെട്ടു. വിതുര മുടിപ്പുര ശ്രീ ഭദ്രകാളി ക്ഷേത്ര പരിസരവും വെള്ളത്തിലായി. തള്ളച്ചിറ ശിവൻകോവിൽ മേഖലയിൽ വീടുകളിൽ വെള്ളം കയറിയതോടെ ജനം ഭീതിയിലാകുകയും പൊലിസിനെ വിവരം അറിയിക്കുകയും ചെയ്തു. വിതുര സി.ഐ എസ്. ശ്രീജിത്തും എസ്.ഐ സുധീഷും സ്ഥലത്തെത്തി വെള്ളം കയറിയ വീടുകളിൽ നിന്നും കുട്ടികളെയും മുതിർന്നവരെയും സമീപപ്രദേശത്തെ വീടുകളിലേക്ക് മാറ്റി. ഈ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. ഉച്ചക്ക് ആരംഭിച്ചമഴ വൈകിട്ട് വരെ തുടർന്നു. വ്യാപകമായകൃഷി നാശവും ഉണ്ടായി. വാഴ, പച്ചക്കറി കൃഷികൾ വെള്ളം കയറി നശിച്ചു. കാറ്റത്തും മഴയത്തും എസ്റ്റേറ്റുകളിലും, വിളകളിലുമായി നൂറുകണക്കിന് റബർ മരങ്ങൾ കടപുഴകി. വൈദ്യുതി ലൈനുകൾക്കും, കേബിൾ ശൃംഖലക്കും കേടുപാടുണ്ട്. തൊളിക്കോട് മുതൽ കല്ലാർ വരെയുള്ള റോഡുകളും താറുമാറായി. തോടുകൾ നിറഞ്ഞു റോഡിലേക്ക് ഒഴുകയാണ്. ശക്തമായ വെള്ളപ്പാച്ചിലിനെ തുടർന്ന് ചായം അരുവിക്കരമൂല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ സൈഡ് ഇടിഞ്ഞു താഴ്ന്നു. വാമനപുരം നദിയിലെ പൊന്നാംചുണ്ട്, ചെറ്റച്ചൽ പാലങ്ങൾ വെള്ളത്തിൽ മുങ്ങി. വിതുര തെന്നൂർ പാലോട് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വിതുര ശിവൻ കോവിൽ ജംഗ്ഷൻ, തള്ളച്ചിറ മേഖലയിൽ വെള്ളക്കെട്ട് മാറിയിട്ടില്ല. മഴ രാത്രിയിലും തുടർന്നാൽ പ്രദേശവാസികളെ മാറ്റിപാർപ്പിക്കുമെന്ന് പൊലിസ് അറിയിച്ചു. ശക്തമായ ഇടിമിന്നലിനെ തുടർന്ന് നിരവധി വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചു. കനത്ത മഴയെ തുടർന്ന് നാശനഷ്ടം ഉണ്ടായവർക്ക് അടിയന്തര സഹായം നൽകണമെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടു.
പാലോട്: ശക്തമായ മഴയിൽ ഗ്രാമീണ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലായി. വാമനപുരം നദിയിൽ ശക്തമായ വെള്ളപ്പൊക്കമാണ്. വഞ്ചുവം ഏലാ തോട്, മണികണ്ഠാലയം റോഡ്, കുറുപുഴ, ആലുങ്കുഴി, ഇളവട്ടം, പ്ലാവറ, ആറ്റുകടവ്, മുണ്ടൻപാലം, പുലിയൂർ, മീൻമുട്ടി ഡാം ഏരിയ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കമാണ്. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉണ്ട്. കുറുപുഴ മുതൽ ഇളവട്ടം വരെ ഏറെ കുറെ ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. മഴവെള്ളം ഒഴികിപ്പോകാനുള്ള ഓടകൾ നികത്തിയതാണ് വെള്ളപൊക്കത്തിന് കാരണമെന്ന് നാട്ടുകാരുടെ ആക്ഷേപം. പാലോട് പൊലീസ് സ്റ്റേഷനു മുന്നിലുള്ള സ്ഥലങ്ങളിൽ പൂർണമായും വെള്ളം കയറി. കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്. മഴ തുടരുന്നതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.