തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് കേരളം കടക്കാനൊരുങ്ങവെ, ഇടതുമുന്നണി വിപുലീകരണ ചർച്ചയ്ക്ക് വഴിയൊരുക്കി സി.പി.എം.കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ മനംമാറ്റം യു.ഡി.എഫ് ക്യാമ്പുകളിൽ സജീവ ചർച്ചയായിരിക്കെയാണിത്.
എൽ.ഡി.എഫിന്റെ മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിച്ച് യു.ഡി.എഫ് വിടാൻ തയാറാകുന്ന കക്ഷികളുമായും ഗ്രൂപ്പുകളുമായും ചർച്ചയ്ക്ക് സി.പി.എം സന്നദ്ധമാണെന്ന് 'പുതിയ ഭരണസംസ്കാരം' എന്ന പേരിൽ പാർട്ടി മുഖപത്രത്തിലെ പ്രതിവാരലേഖനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു. ഇപ്പോൾ അപ്രകാരമൊരു ചർച്ചയുണ്ടായിട്ടില്ലെങ്കിലും, ഭാവിരാഷ്ട്രീയത്തിൽ യു.ഡി.എഫിൽ പൊട്ടിത്തെറിയും പ്രതിസന്ധിയുമുണ്ടാവുകയും അത് പുതിയ തലങ്ങളിലേക്ക് വളരുകയും ചെയ്യും. രാഷ്ട്രീയവും സംഘടനാപരവുമായ കരുത്തോടെ എൽ.ഡി.എഫ് മുന്നോട്ട് പോകുമ്പോൾ ,യു.ഡി.എഫ് കടുത്ത പ്രതിസന്ധിയിലാണ്. കോൺഗ്രസും ബി.ജെ.പിയും അവിശുദ്ധ ബന്ധമുണ്ടാക്കി എൽ.ഡി.എഫിനെ നേരിടാനിറങ്ങും. അതിനെയെല്ലാം അതിജീവിച്ച് എൽ.ഡി.എഫിന് തുടർഭരണം നൽകാൻ പ്രബുദ്ധകേരളം തയാറാവുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
പിണറായി സർക്കാരിന്റെ നാലാം വാർഷികവേളയിലാണ് സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കുന്ന കോടിയേരിയുടെ പ്രതികരണം . ഈ ഭരണം അഞ്ച് വർഷത്തിന് ശേഷവും തുടരണമെന്ന ചിന്ത ഓരോ കേരളീയന്റെയും മനസ്സിൽ സ്വാഭാവികമായുണ്ടാവും. ഇന്ന് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. എങ്കിലും, അഞ്ച് വർഷം കൂടുമ്പോൾ ഭരണമാറ്റമെന്ന മനസ്സുള്ളവരാണ് കേരളത്തിലെ ഒരു വിഭാഗം ആളുകൾ. അവരെയടക്കം കൂടെ നിറുത്തി, കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനൊപ്പം എൽ.ഡി.എഫിന് തുടർഭരണം ലഭിക്കാനുള്ള ജനസമ്പർക്കം ശക്തിപ്പെടുത്താനും സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും പ്രവർത്തകർ ജാഗ്രത കാട്ടണമെന്നും കോടിയേരി പറഞ്ഞു.