വെമ്പായം: ചക്രം ചവിട്ടി ജീവിതമാർഗം കണ്ടെത്തിയിരുന്ന ഒരുകൂട്ടം തയ്യൽ തൊഴിലാളികളുടെ ജീവിതം ലോക്ക് ഡൗണിൽ പെട്ട് കുരുങ്ങിയ നൂലുപോലായി. പുതിയ അദ്ധ്യയനവർഷം തുടങ്ങുമ്പോഴും ആഘോഷ വേളകളിലും തിരക്കുള്ള തൊഴിൽ മേഖല ആയിരുന്നു തയ്യൽ തൊഴിലാളികളുടേത്. എന്നാൽ ലോക്ക്‌ ഡൗൺ കാലത്ത് ഉത്സവങ്ങൾ മാറ്റിവച്ചതും വിഷുവും ചെറിയ പെരുന്നാളും കല്യാണങ്ങളും സൽക്കാരങ്ങളുമെല്ലാം പുതുവസ്ത്രങ്ങളുടെയും വർണപ്പൊലിമ ഇല്ലാതെ കടന്നുപോയതോടെ ഈ മേഖലയിൽ ഉള്ളവർക്ക് വലിയ തിരിച്ചടിയായി. സ്കൂൾ തുറക്കുന്നതും കാത്ത് ഇരിക്കുമ്പോഴാണ് കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യം. ഉടനെ എങ്ങും സ്കൂൾ തുറക്കുന്ന സാഹചര്യവുമില്ല. ക്ലാസുകൾ ഓൺലൈൻ ആയി തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതോടെ ഇവരുടെ പ്രതീക്ഷയും മങ്ങി. ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം നിരവധി യുവതീയുവാക്കൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. വരാൻപോകുന്ന സീസൺ മുന്നിൽ കണ്ട് നല്ലൊരു തുക ഡെപ്പോസിറ്റ് കൊടുത്തു വാടകയ്ക്ക് സ്ഥാപനം തുടങ്ങിയവരാണ് പൂർണമായും വെട്ടിലായത്. ദിനംപ്രതി മാറിമറിയുന്ന വസ്ത്രവിപണിക്ക് മാറ്റുകൂട്ടാൻ തയ്യൽ മേഖലയിൽ എംബ്രോയിഡറി, ഫാബ്രിക് പെയിന്റ് എന്നി മേഖലയിൽ ജോലി ചെയ്യുന്നവരും ദുരിതത്തിലായിരിക്കുകയാണ്. തുണിക്കടകളോടെല്ലാം ചേർന്ന് തയ്യൽ യൂണിറ്റും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ വസ്ത്രമേഖല തുറന്നെങ്കിലും ട്രയൽ റൂം പോലും ഉപയോഗിക്കാത്ത സാഹചര്യത്തിൽ തയ്യൽ യൂണിറ്റുമില്ല. ഗ്രാമങ്ങളിലെ വീട്ടമ്മമാരുടെയും വരുമാന മാർഗമായിരുന്നു വീട്ടുജോലി ഒഴിഞ്ഞുള്ള സമയത്ത് തുന്നൽ ജോലികളിൽ ഏർപ്പെടുക എന്നത്. അവരുടെ ഏക വരുമാനമാർഗവും ഇതായിരുന്നു. ലോക്ക്ഡൗൺകാലത്ത് ആകെ കിട്ടിയ സഹായം തയ്യൽ ക്ഷേമനിധി വകുപ്പിൽ നിന്നും കിട്ടിയ ആയിരം രൂപ മാത്രമാണ്.