പോത്തൻകോട്: കൊവിഡ് സ്ഥിരീകരിച്ച വെഞ്ഞാറമൂട് സ്വദേശി പോത്തൻകോട്ട് എത്തിയെന്ന റൂട്ട് മാപ്പ് പുറത്തുവന്നതോടെ പ്രദേശത്ത് വീണ്ടും പരിശോധന കർശനമാക്കി. ഇയാൾ ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങുകയും കുടുംബവീട്ടിൽ സന്ദർശനം നടത്തുകയും ചെയ്‌തിരുന്നു. വെഞ്ഞാറമൂട് സ്വദേശിയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടവർ ഉടൻ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി ജംഗ്‌ഷന് സമീപം നടത്തിവന്ന വഴിയോര കച്ചവടക്കാരെ പോത്തൻകോട് പൊലീസിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. ചില സ്ഥാപനങ്ങളിൽ ജോലിക്കായി സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ജീവനക്കാരെ ക്വാറന്റൈനിൽ പോകാനും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.