തിരുവനന്തപുരം: ഇന്നലെ രണ്ട് റിമാൻഡ് പ്രതികൾ ഉൾപ്പെടെ അഞ്ചുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 42 ആയി. രോഗം സ്ഥിരീകരിച്ച എല്ലാവരും പുരുഷന്മാരാണ്. 26ന് കുവെെറ്റിൽ നിന്ന് കരിപ്പൂരെത്തി മഞ്ചേശ്വരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കഠിനംകുളം സ്വദേശി (40), 23ന് മസ്‌കറ്റിൽ നിന്നെത്തി സർക്കാർ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന ചെമ്പഴന്തി സ്വദേശി (35), നെയ്യാറ്റിൻകര സബ് ജയിലിൽ റിമാൻഡിലായിരുന്ന മുക്കുടിൽ സ്വദേശി (30), കളമച്ചൽ സ്വദേശി (50), 22ന് ഡൽഹിയിൽ നിന്ന് ട്രെയിനിൽ വന്ന പുല്ലുവിള സ്വദേശി (20) എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഈ ആഴ്ച കൂടുതൽ പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സബ് ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ജയിലിലും വീട്ടിലുമായി നിരീക്ഷണത്തിലാണ്. പ്രതികളുണ്ടായിരുന്ന ബ്ലോക്കിലെ മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്. 42 പേരിൽ ഒരാൾ തമിഴ്നാട് സ്വദേശിയും രണ്ടുപേർ കൊല്ലം സ്വദേശികളും ഒരാൾ പത്തനംതിട്ട സ്വദേശിയുമാണ്. പുതുതായി 22 പേർ കൂടി അഡ്മിറ്റായതോടെ ആശുപത്രികളിൽ നിരീക്ഷണത്തിലായവരുടെ എണ്ണം 116 ആയി. പുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കൽ, വാമനപുരം പഞ്ചായത്തുകളാണ് ജില്ലയിലെ പുതിയ ഹോട്ട് സ്‌പോട്ടുകൾ.നാവായിക്കുളം,നെല്ലനാട്,കുളത്തൂർ എന്നിവിടങ്ങൾ ഹോട്ട്സ്‌പോട്ടായി തുടരും. 277 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയപ്പോൾ 14 പേരെ ഡിസ്ചാർജ് ചെയ്‌തു.
പുതുതായി നിരീക്ഷണത്തിലായവർ-647
ആകെ നിരീക്ഷണത്തിലുള്ളവർ -10072
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ-8734 പേർ
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -116 പേർ
കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1222 പേർ
പരിശോധനയ്ക്കായി അയച്ചത് 244സാമ്പിളുകൾ
നെഗറ്റീവായത് 285 പരിശോധനാഫലങ്ങൾ