കോവളം: വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പ്രത്യേക യൂണിറ്റ് കെട്ടിടത്തിന്റെ നിർമ്മാണം ലോക് ഡൗണും കാലവർഷവും കാരണം വീണ്ടും നീളാൻ സാദ്ധ്യത. മൂന്ന് വർഷം മുമ്പ് കിടത്തി ചികിത്സിക്കായാണ് ഈ യൂണിറ്റ് ആരംഭിച്ചത്. തീരദേശ മേഖലയായ വിഴിഞ്ഞം, വെങ്ങാനൂർ, കോട്ടുകാൽ എന്നീ പഞ്ചായത്ത്, നഗരസഭയുടെ നാലോളം വാർഡുകളിലെ പതിനായിരത്തിൽപ്പരം സാധാരണക്കാരുടെ അശ്രയകേന്ദ്രമാണിത്. ഫിഷറീസ് വകുപ്പിന്റെയും വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള തുകയും ചേർത്താണ് പുതിയ ഐ.പി ബ്ലോക്ക് നിർമ്മിക്കുന്നത്. ലോക്ഡണിന് മുമ്പ് തുടങ്ങിയ 6000 ചതുരശ്ര അടിയോളമുള്ള സെല്ലുലാറിന്റെ കോൺക്രീറ്റ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. താലൂക്ക് നിലവാരത്തിൽ ഉയരുന്ന വിഴിഞ്ഞം സി.എച്ച്.സിയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, കുട്ടികൾക്കുള്ള വിഭാഗം, ഗൈനക്കോളജി, അനസ്‌തെറ്റിസ്റ്റ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള അണ്ടർഗ്രൗണ്ട് സംവിധാനം ഉൾപ്പെടെ മൂന്ന് നിലകളിലുള്ള കെട്ടിടം നിർമ്മിക്കുന്നതിനാണ് തുറമുഖ എൻജിനിയറിംഗ് വിഭാഗത്തിന് ചുമതല. പാപ്പനംകോട് കവിതാ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.