icc-vs-bcci
icc vs bcci

നികുതി ഇളവ് വിഷയത്തിലും വിവരങ്ങൾ ചോരുന്നതിലും ഐ.സി.സി യോഗത്തിൽ തർക്കം

ന്യൂഡൽഹി : കഴിഞ്ഞദിവസം ഒാൺ ലൈനായി ചേർന്ന ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ബോർഡ് മീറ്റിംഗിൽ ഇൗവർഷത്തെ ട്വന്റി 20 ലോകകപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിയാതിരുന്നത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായുണ്ടായ രൂക്ഷമായ തർക്കത്തെ തുടർന്നാണെന്ന് സൂചന. 2021 ൽ ഇന്ത്യയ്ക്ക് അനുവദിച്ചിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് ടെലിവിഷൻ സംപ്രേഷണ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യൻ സർക്കാരിൽനിന്ന് നികുതി ഇളവ് വാങ്ങി നൽകണം എന്ന ഐ.സി.സിയുടെ ആവശ്യം ഇതുവരെ ബി.സി.സി.ഐ നിറവേറ്റാത്തതായിരുന്നു തർക്കകാരണം.ഐ.സി.സി യോഗത്തിന്റെ അജണ്ടകൾ മാദ്ധ്യമങ്ങൾക്ക് ചോർന്നതും തർക്കത്തിന് ആക്കം കൂട്ടി.

2016ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിന് ഇതുപോലെ നികുതി ഇളവ് നൽകിയത് ട്രൈബ്യൂണലിന്റെ മുന്നിലായതിനാൽ ധനകാര്യമന്ത്രാലയം ബി.സി.സി.ഐയുടെ ആവശ്യം നിരസിച്ചിരിക്കുകയാണ്. നികുതിയിളവ് സംബന്ധിച്ച് തീരുമാനം അറിയിക്കണം എന്ന് പലതവണ ബി.സി.സി.ഐക്ക് ഐ.സി.സി ഇൗ മെയിലുകൾ അയച്ചിരുന്നു. ലോക് ഡൗൺ കാരണം ഒന്നും ചെയ്യാനാകുന്നില്ല. കൊവിഡ് സാഹചര്യം മാറിയശേഷമേ തീരുമാനമറിയിക്കാനാകൂ എന്ന് ബി.സി.സി.ഐ മറുപടിയും നൽകിയിരുന്നു. ഇതോടെ സർക്കാരിൽനിന്ന് നികുതി ഇളവ് ലഭിക്കുന്നില്ലെങ്കിൽ അത് ബി.സി.സി.ഐ സ്വന്തം അക്കൗണ്ടിൽനിന്ന് നൽകണമെന്നായി ഐ.സി.സി ഇതോടെയാണ് ബോർഡ് യോഗം ചൂടുപിടിച്ചത്.

. ഇൗ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ ആസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി 20 ലോകകപ്പിന്റെ ഭാവിയെപ്പറ്റി ചർച്ച ചെയ്യാൻ യോഗത്തിൽ അവസരം ലഭിച്ചില്ലെന്നാണ് അറിയുന്നത്.തുടർന്നാണ് ജൂൺ പത്തിലേക്ക് യോഗം മാറ്റിവച്ചത്.

ലോകകപ്പ് മാറ്റിക്കാൻ

ബി.സി.സി.ഐ ?

ആസ്ട്രേലിയയിൽ ഇൗവർഷം നടക്കേണ്ട ലോകകപ്പ് 2021 ലേക്കോ 2022 ലേക്കോ മാറ്റിവയ്പ്പിച്ച ശേഷം ആ സമയത്ത് ഐ.പി.എൽ നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ശ്രമിക്കുന്നതായി ഐ.സി.സിക്കുള്ളിൽ ആരോപണമുണ്ട്. ടൂർണമെന്റ് നടത്താൻ കഴിയില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചതിന് പിന്നിൽ ബി.സി.സി.ഐയുടെ സമ്മർദ്ദമാണെന്നാണ് ആരോപണം. ഐ.സി.സി യോഗത്തിൽ ലോകകപ്പ് സംബന്ധിച്ച് തീരുമാനമുണ്ടെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിലും ഐ.സി.സി അമർഷം രേഖപ്പെടുത്തി. ഇൗ വാർത്തകൾ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കാൻ എത്തിക്സ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

. ഐ.സി.സി ചെയർമാൻ സ്ഥാനത്തേക്ക് ശശാങ്ക് മനോഹറിന് പകരം ആര് എന്നതിലും തീരുമാനമായിട്ടില്ല.

. ശശാങ്ക് മനോഹറും ബി.സി.സി.ഐയും അത്ര രസത്തിലല്ലാത്തത് പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു.

. അന്താരാഷ്ട്ര സംഘടന തങ്ങളുടെ കൈപ്പിടിയിൽ നിൽക്കാനായി ബി.സി.സി.ഐ ഞങ്ങളുടെ സ്വന്തം ആളെ പുതിയ ചെയർമാനാക്കും എന്ന് സൂചനയുണ്ട്.

. കൂളിംഗ് ഒഫ് പിരീയഡ് നിയമത്തിൽ സുപ്രീംകോടതി ഇളവ് നൽകിയില്ലെങ്കിൽ സൗരവ് ഗാംഗുലിക്കും ജയ്ഷായ്ക്കും ഉടൻ ബി.സി.സി.ഐ ഭാരവാഹി സ്ഥാനത്തുനിന്ന് മാറേണ്ടിവരും. അപ്പോൾ ഇവരിലൊരാളെ ഐ.സി.സി ചെയർമാനായി നിയോഗിക്കും എന്നാണ് സൂചന.

. അതേസമയം ഇംഗ്ളീഷ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ കോളിൻ ഗ്രേവ്‌സും ഐ.സി.സി ചെയർമാനാകാൻ മുൻപന്തിയിലുണ്ട്.