വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സ്റ്റേഷനിൽ അറസ്റ്റിലായ രണ്ട് പ്രതികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മേഖലയിൽ വീണ്ടും ആശങ്ക. മകളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും സി.പി.എം പ്രവർത്തകനെ വെട്ടിപ്പരിക്കേല്പിച്ച കേസിലെയും പ്രതികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര സബ് ജയിലിൽ റിമാൻഡിലായ ഇവർക്ക് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മേഖലയിലെ പുളിമാത്ത്, പുല്ലമ്പാറ, മുദാക്കൽ, വാമനപുരം പ്രദേശങ്ങൾ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.
' കൊവിഡ്, സംശയത്തിന്റെ നിഴലിൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ ' എന്ന തലക്കെട്ടിൽ കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. കഴിഞ്ഞ 22ന് പൊലീസ് ട്രെയിനിയെ കാറിടിച്ചിട്ട് നിറുത്താതെ പോവുകയും നാട്ടുകാർ തടഞ്ഞ് വെഞ്ഞാറമൂട് പൊലീസിൽ ഏല്പിക്കുകയും ചെയ്‌ത അബ്കാരി കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വെഞ്ഞാറമൂട് സ്റ്റേഷനിലെ മുപ്പതോളം പൊലീസുകാരും ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. പൊലീസുകാരോടൊപ്പം ചടങ്ങിൽ പങ്കെടുത്ത ഡി.കെ. മുരളി എം.എൽ.എ, നടൻ സുരാജ് വെഞ്ഞാറമൂട് എന്നിവരും ക്വാറന്റൈനിലാണ്. പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം നിറുത്തിവയ്ക്കണമെന്ന ആവശ്യം ഉയരുകയാണ്.