തിരുവനന്തപുരം: പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റർനെറ്റ് ലഭ്യമാക്കാനുദ്ദേശിച്ചുള്ള കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ) പദ്ധതി ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് കൺസോർഷ്യം ലീഡറായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി.ഇ.എൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.വി. ഗൗതം ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
1500കോടി ചെലവ് വരുന്ന പദ്ധതിക്കായി കേന്ദ്രസർക്കാരിന് കീഴിലുള്ള ബി.ഇ.എല്ലും റെയിൽടെല്ലും സ്വകാര്യ കമ്പനികളായ എസ്.ആർ.ഐ.ടി, എൽ.എസ് കേബിൾസ് എന്നിവയുമടങ്ങുന്നതാണ് കൺസോർഷ്യം.
ലോക്ക് ഡൗൺ കാരണം പ്രവർത്തനം മുടങ്ങിയ സാഹചര്യത്തിൽ ഇന്നലെ കമ്പനികളുടെ മേധാവികളുമായി വീഡിയോ കോൺഫറൻസ് നടത്തി.
വിദ്യാലയങ്ങൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ മുതലായ പൊതുസ്ഥാപനങ്ങൾക്കും ഈ നെറ്റ്‌വർക്ക് വഴി കണക്‌ഷൻ ലഭ്യമാക്കും. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥക്കും കെ-ഫോൺ ഉത്തേജനമാകും.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കൺസോർഷ്യത്തിന് എല്ലാവിധ പിന്തുണയും സർക്കാർ നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ.ടി വകുപ്പ് പദ്ധതിയുടെ പുരോഗതി തുടർച്ചയായി വിലയിരുത്തുന്നു. കൺസോർഷ്യത്തിലെ എല്ലാ പങ്കാളികളോടും കേരളത്തിൽ നിക്ഷേപം നടത്താൻ സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റർനെറ്റ് ശൃംഖലയായിരിക്കും കെ -ഫോൺ. കൊവിഡിന് ശേഷം ഇന്റർനെറ്റിന്റെ പ്രാധാന്യവും പ്രസക്തിയും ഏറെ വർദ്ധിക്കും.കൊവിഡാനന്തരം കേരളത്തെ ലോകത്തിലെ പ്രധാന വ്യവസായ,വിദ്യാഭ്യാസ, ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് കെഫോൺ വലിയ പിന്തുണയായിരിക്കും.
കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കെ.എസ്.ഇ.ബിയും യോജിച്ചാണ് കെ-ഫോൺ നടപ്പാക്കുന്നത്. കെ.എസ്.ഇ.ബിയുടെ ലൈനുകളിലൂടെയാണ് ഓപ്ടിക്കൽ ഫൈബർ കേബിൾ ഉപഭോക്താക്കളിലേക്ക് എത്തുക.
ബി.ഇ.എൽ ചെയർമാന് പുറമെ റെയിൽടെക് റീജിണൽ ജനറൽ മാനേജർ ചന്ദ്രകിഷോർ പ്രസാദ്, എസ്.ആർ.ഐ.ടി ചെയർമാൻ ഡോ. മധു നമ്പ്യാർ, എൽ.എസ് കേബിൾസ് ഡയറക്ടർ ജോങ് പോസോൻ, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള, ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ, കെ.എസ്.ഐ.ടി.ഐ.എൽ എം.ഡി. ഡോ. ജയശങ്കർ പ്രസാദ് എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.