തിരുവനന്തപുരം: കിസാൻ ക്രെഡിറ്റ് കാർഡില്ലാത്തവരെടുത്ത കാർഷിക വായ്പയുടെ തിരിച്ചടവിന് ആഗസ്ത് 31 വരെ സമയം നൽകണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് ടൊമാറിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കുറഞ്ഞ പലിശനിരക്കിൽ കാർഷിക വായ്പ തിരിച്ചടയ്ക്കുന്നതിന് ലോക്ക്ഡൗൺ കണക്കിലെടുത്ത് ജൂൺ 30 വരെ സാവകാശം അനുവദിക്കണമെന്ന് മാർച്ചിൽ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിച്ച് മേയ് 30 വരെ കാലാവധി നീട്ടി. എന്നാൽ, കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. സ്വർണം പണയം വച്ചും മറ്റും കൃഷിവായ്പ എടുത്ത ധാരാളം പേർ ഇതുകാരണം കൂടിയ പലിശ നൽകേണ്ടിവരും. അതിനാലാണ് കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ലാത്തവരുടെ വായ്പാ തിരിച്ചടവിന് ആഗസ്ത് 31 വരെ സമയം ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.