തിരുവനന്തപുരം: മലയോര മേഖലയിലെ കനത്ത മഴയെത്തുടർന്ന് അരുവിക്കര ഡാമിന്റെ നാലു ഷട്ടറുകൾ ഉയർത്തി. മൂന്നു ഷട്ടറുകൾ ഒരു മീറ്റർ വീതവും ഒരു ഷട്ടർ അരമീറ്ററുമാണ് തുറന്നത്. മഴ കൂടുതൽ ശക്തിപ്പെടുകയോ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടുകയോ ചെയ്താൽ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാദ്ധ്യതയുണ്ട്. കരമനയാറിന്റെ തീരത്തു താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. ജില്ലയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് മഴ ശക്തമായതോടെ പാലോട്, വിതുര, മലയടി ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. വിതുരയിലെ ശിവക്ഷേത്രത്തിന് സമീപമുള്ള തോട് കരകവിഞ്ഞൊഴുകിയതോടെ ക്ഷേത്രവും മുങ്ങി. 25 കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഏഴു മണിയോടെ മഴ തോർ‌ന്നെങ്കിലും വീണ്ടും ശക്തമായാൽ കൂടുതൽ പേരെ മാറ്റിപ്പാ‌ർപ്പിക്കേണ്ടി വരുമെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. മുമ്പ് മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നത് വലിയ വിവാദമായിരുന്നു.

മുന്നറിയിപ്പ്

ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാദ്ധ്യതയുണ്ട്

 ജൂൺ നാലു വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്