cm

തിരുവനന്തപുരം: മറുനാട്ടിൽ നിന്നെത്തി സ്ഥാപന ക്വാറന്റൈനിൽ കഴിയുന്നവരിൽ നിന്ന് ഉത്തരവ് ഇറങ്ങുന്നതുവരെ പണം ഈടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

പണം ഈടാക്കുമെന്ന് മുഖ്യമന്ത്രി രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചത് എല്ലാം നഷ്ടപ്പെട്ട് വിദേശത്ത് നിന്നെത്തുന്നവരെ ആശങ്കയിലാക്കിയിരുന്നു. വിവാദമായതോടെ പാവപ്പെട്ടവരിൽ നിന്ന് പണം ഈടാക്കില്ലെന്ന് മുഖ്യമന്ത്രി പിറ്റേന്ന് വ്യക്തമാക്കി.

എന്നാൽ, പാവപ്പെട്ടവനെ നിശ്ചയിക്കുന്ന മാനദണ്ഡം എന്തായിരിക്കണം എന്ന് വ്യക്തമല്ല. വിദേശത്തെ ലേബർ ക്യാമ്പുകളിൽ കഴിഞ്ഞവർ, ജയിൽ മോചിതരായവർ തുടങ്ങിയവരിൽ നിന്ന് പണം ഈടാക്കില്ലെന്ന് സൂചനയുണ്ട്.

സംസ്ഥാനത്ത് പുതിയ ഇളവുകൾ കേന്ദ്രസർക്കാരിന്റെ നിർദ്ദേശം നോക്കി തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് തുടങ്ങിക്കഴിയുമ്പോൾ ആശങ്കകൾ പരിഹരിച്ച് പോകാനാകും. എസ്.എസ്.എൽ.സി പരീക്ഷയെപ്പറ്റി എന്തെല്ലാം ആശങ്കയാണ് പറഞ്ഞത്. ഇപ്പോൾ എല്ലാം അവസാനിച്ചില്ലേ.

സീരിയൽ ഷൂട്ടിംഗുകൾ ജാഗ്രതാനിർദേശങ്ങൾ പാലിച്ച് നടത്തണം. അഭിനേതാക്കൾക്ക് ചില പ്രത്യേകതകൾ വേണ്ടിവരും. ബെവ് ക്യു ആപ്പിന് സാങ്കേതികത്തകരാറുണ്ടായെന്ന് മനസ്സിലായിട്ടുണ്ട്. കാര്യങ്ങൾ എക്സൈസ് മന്ത്രി പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.